INDIA

നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിലെ ജാതി സെൻസസിന് ഹൈക്കോടതിയുടെ സ്റ്റേ

വെബ് ഡെസ്ക്

ബിഹാർ സർക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് പട്ന ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. 'യൂത്ത് ഫോർ ഇക്വാലിറ്റി' എന്ന സംഘടനയുടേത് ഉൾപ്പെടെ മൂന്ന് ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

യൂത്ത് ഫോർ ഇക്വാലിറ്റി നൽകിയ ഇടക്കാല അപേക്ഷ എത്രയും വേഗം പരിഗണിക്കാനും തീർപ്പാക്കാനും പട്ന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട് ആറ് ദിവസത്തിനുള്ളിലാണ് ഉത്തരവ് വന്നത്. കേസ് ജൂലൈ മൂന്നിന് പരിഗണിക്കും.

''ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്താൻ സംസ്ഥാനത്തിന് അധികാരമില്ല. ഇപ്പോൾ ചെയ്യുന്ന രീതിയിലാണെങ്കിൽ അതൊരു സെൻസസിന് തുല്യമാണ്. അങ്ങനെ ചെയ്യുന്നത് പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തെ ബാധിക്കും,'' കോടതി പറഞ്ഞു.

ജനുവരി ഏഴിനായിരുന്നു ബിഹാർ സർക്കാർ സെൻസസ് നടപടികളാരംഭിച്ചത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഘട്ടങ്ങളിലായി പഞ്ചായത്ത് മുതൽ ജില്ലാ തലം വരെ ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ഡിജിറ്റലായി ക്രോഡീകരിക്കാനായിരുന്നു പദ്ധതി.

''നിയമസഭയിലെ വിവിധ കക്ഷിനേതാക്കൾ, ഭരണ-പ്രതിപക്ഷ കക്ഷികൾ എന്നിവരുമായി വിവരങ്ങൾ പങ്കിടാൻ സർക്കാർ ഉദ്ദേശിച്ചിരുന്നുവെന്ന് വിജ്ഞാപനത്തിൽനിന്ന് മനസിലായി. വളരെ ആശങ്കാജനകമായ കാര്യമാണ് ഇത്,'' കോടതി നിരീക്ഷിച്ചു.

സെൻസസ് വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് 1ൽ ഉൾപ്പെടുന്നതിനാൽ കേന്ദ്രസർക്കാർ മാത്രമാണ് സെൻസസ് നടത്തേണ്ടതെന്നും അതിനാൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ബിഹാർ സർക്കാരിന്റെ വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ സമരം ചെയ്യാനും വോട്ടിന വേണ്ടി ജാതി പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് എന്നതായിരുന്നു മറ്റൊരു ഹർജിയിലെ വാദം.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ