രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഒന്നായ പേടിഎമ്മിന്റെ സേവനം നിര്‍ത്താനുള്ള നിര്‍ദേശത്തില്‍ അവസാന തീയതി നീട്ടി നല്‍കി ആര്‍ബിഐ. പേടിഎം പേയ്‌മെന്‌റ് ബാങ്ക് നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി. നേരത്തേ ഫെബ്രുവരി 29 ആയിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്.
ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 15 വരെ നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവ നടത്താം. എന്നാല്‍, ബാലന്‍സ് തീരുന്നത് വരെ സേവിങ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉത്പന്നങ്ങള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ പിപിബിഎല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ബാങ്കിന്‌റെ ഇടപാടുകാര്‍ക്ക് മറ്റ് ബാങ്കുകളുമായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ
ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെബ്രുവരി 29നു ശേഷം പേടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടത്. ഇതാണ് ഇപ്പോള്‍ മാര്‍ച്ച് 15 വരെ നീട്ടിനല്‍കിയിരിക്കുന്നത്. ബാങ്കിന്‌റെ ഇടപാടുകാര്‍ക്ക് മറ്റ് ബാങ്കുകളുമായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തടസങ്ങളില്ലാതെ വ്യാപാരികളുടെ അക്കൗണ്ടുകള്‍ പുതിയ ബാങ്കുകളിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നിരവധി നടപടികള്‍ മാതൃകമ്പനിയായ പേടിഎം സ്വീകരിച്ചിട്ടുണ്ട്. പേടിഎം ക്യുആര്‍ കോഡ്, സൗണ്ട് ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവ മാര്‍ച്ച് 15നു ശേഷം പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
നിലവിലുള്ള പേടിഎം പേയ്‌മെന്‌റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആര്‍ബിഐയുടെ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്ന് നോക്കാം
ബാലന്‍സ് ഉള്ളതുവരെ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കും
പലിശ, ക്യാഷ്ബാക്ക്, സ്വീപ്പ് ഇന്‍, റീ ഫണ്ട് എന്നിവ ഒഴികെ പുതിയ ഡിപ്പോസിറ്റുകളൊന്നും 2024 മാര്‍ച്ച് 15നു ശേഷം സ്വീകരിക്കില്ല.
മാര്‍ച്ച് 15നു ശേഷം ഉപഭോക്താക്കള്‍ക്ക് അവരുടെ പേടിഎം പേയ്‌മെന്‌റ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ ഐഎംപിഎസ് വഴി പണം കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല, എന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.
സമയപരിധിക്കു ശേഷം ശമ്പളക്രെഡിറ്റുകള്‍ സ്വീകരിക്കില്ല. മാര്‍ച്ച് പകുതിയോടെ മറ്റ് ബാങ്കുകളുമായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2024 മാര്‍ച്ച് 15നു ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ പേടിഎം പേയ്‌മെന്‌റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡികളോ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളോ അനുവദിക്കില്ല.
ബില്‍ പേയ്‌മെന്‌റ്, വാലറ്റ്, മറ്റ് സേവനങ്ങള്‍
ആവശ്യമായ ബാലന്‍സ് അക്കൗണ്ടില്‍ ഉള്ളതുവരെ സ്വയമേയുള്ള ബില്‍ പേയ്‌മെന്‌റുകള്‍ നടക്കും. മാര്‍ച്ച് 15നു ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ അനുവദിക്കില്ല.
ലഭ്യമായ ബാലന്‍സ് വരെ ഉപയോക്താക്കാള്‍ക്ക് വാലറ്റില്‍ നിന്ന് ഫണ്ട് ഉപയോഗിക്കുകയും പിന്‍വലിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യാം. മാര്‍ച്ച് 15നു ശേഷം വാലറ്റ് ടോപ് അപ്പുകളോ കൈമാറ്റം ചെയ്യലുകളോ അനുവദിക്കില്ല.
അക്കൗണ്ടിലുള്ള ബാലന്‍സ് ഉപയോഗിച്ച് ടോള്‍ അടയ്ക്കാന്‍ നിലവിലുള്ള ഫാസ്ടാഗുകള്‍ ഉപയോഗിക്കാം. മാര്‍ച്ച് 15നു ശേഷം ഫാസ്ടാഗ് ടോപ്അപ് അനുവദിക്കില്ല.
പേടിഎം പേയ്‌മെന്‌റ് ബാങ്ക് ഒഴികെയുള്ള അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന വ്യാപാരികള്‍ക്ക് നിലവിലുള്ള സജ്ജീകരണം തുടരാം. എന്നാല്‍ പേടിഎം പേയ്‌മെന്‌റ് ബാങ്കുമായി ലിങ്ക് ചെയ്തിരിക്കവര്‍ക്ക് മാര്‍ച്ച് 15നു ശേഷം മാത്രമേ റീഫണ്ട്, ക്യാഷ്ബാക്ക്, സ്വീപ് ഇന്‍, പലിശ തുടങ്ങിയവ സ്വീകരിക്കാനാകൂ.
കൃത്യമായ തിരിച്ചറിയല്‍ രേഖ ഇല്ലാതെ സൃഷ്ടിച്ച നൂറുകണക്കിന് അക്കൗണ്ടുകള്‍ അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പേടിഎം പേയ്‌മെന്‌റ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആവശ്യമായ Know-Your-Customer (KYC) വിവരങ്ങള്‍ ഇല്ലാത്ത ഈ അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ആരോപണം. ആയിരത്തിലധികം ഉപയോക്താക്കള്‍ ഒരേ സ്ഥിരം അക്കൗണ്ട് നമ്പര്‍(പാന്‍) അവരുടെ അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്തതായി കണ്ടെത്തി. ആര്‍ബിഐ ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയിലും ബാങ്ക് സമര്‍പ്പിച്ച രേഖകള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.