INDIA

മഅദനി ഇന്ന് കേരളത്തിലേക്ക്; ഉച്ചയോടെ തിരുവനന്തപുരത്തെത്തും

ദ ഫോർത്ത് - ബെംഗളൂരു

കേരളത്തിൽ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുല്‍ നാസർ മഅദനി ഇന്ന് ബെംഗളൂരു വിടും. രാവിലെ 11.40നുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് മഅദനിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ അൻവാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. ചികിത്സയ്ക്കായി പിന്നീട് കൊച്ചിയിലേക്ക് തിരിക്കും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ബെംഗളൂരുവിലെ വിചാരണ കോടതിക്ക് കൈമാറുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

9 വർഷം പിന്നിട്ടിട്ടും വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷന്‌ സാധിച്ചിട്ടില്ല. ജാമ്യത്തിൽ കഴിയവേ ഉപാധികളോടെ അഞ്ചു തവണ മഅദനി കേരളത്തിലേക്ക് പോയിരുന്നു

2008 ലെ ബാംഗ്ളൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽ നാസ്സർ മഅദനിയെ 2010ലാണ് കർണാടക പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും ലഷ്കർ - ഇ- ത്വയിബ കമാൻഡറുമായ തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മഅദനിയുടെ അറസ്റ്റ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ അടയ്ക്കപ്പെട്ട മഅദനി, വിചാരണ വൈകുന്നതും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013ൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങി. വിചാരണ കോടതിയുള്ള ബെംഗളൂരു നഗരം വിട്ടു പോകരുതെന്ന കർശന ഉപാധി വച്ചായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇതോടെ ജയിൽ മോചിതനായ മഅദനി ബെംഗളൂരുവിലെ മില്ലേഴ്സ് റോഡിലുള്ള വാടക വീട്ടിൽ താമസം തുടങ്ങി.

കേസിന്റെ വിചാരണ ആറ്‌ മാസങ്ങൾകൊണ്ട് പൂർത്തിയാക്കാമെന്നായിരുന്നു പ്രോസിക്യൂഷൻ 2014ൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം. 9 വർഷം പിന്നിട്ടിട്ടും വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷന്‌ സാധിച്ചിട്ടില്ല. ജാമ്യത്തിൽ കഴിയവേ ഉപാധികളോടെ അഞ്ച് തവണ മഅദനി കേരളത്തിലെത്തിയിരുന്നു. മക്കളുടെ വിവാഹം, രോഗശയ്യയിലായ മാതാപിതാക്കളെ സന്ദർശിക്കൽ എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്ന് അനുമതി വാങ്ങിയായിരുന്നു കേരളത്തിലേക്കുള്ള യാത്രകൾ. ഓരോ യാത്രകൾക്കും കേരളത്തിൽ സുരക്ഷ ഒരുക്കുന്നതിന് കർണാടക പോലീസ് മഅദനിയിൽ നിന്ന് വൻ തുക ഈടാക്കിയത് വിവാദമായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം അദ്ദേഹത്തിന് സുപ്രീംകോടതി രണ്ടര മാസക്കാലം കേരളത്തിൽ തങ്ങാൻ അനുമതി നൽകിയെങ്കിലും സുരക്ഷാ ബോണ്ടായി കർണാടകാ പോലീസ് 60 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങി. പിന്നീട് യാത്രാ ദൈർഘ്യം വെട്ടിച്ചുരുക്കി 6 .76 ലക്ഷം രൂപ കെട്ടി വച്ചായിരുന്നു മഅദനി പോയത്. കൊച്ചിയിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പിതാവിനെ കാണാനാകാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു.

വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പടെയുള്ള ശസ്ത്രക്രിയകൾക്കും മറ്റുമായി കേരളത്തിൽ തുടർചികിത്സ തേടണമെന്ന് ചൂണ്ടിക്കാട്ടി മഅദനി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സ്ഥിരമായി കേരളത്തിൽ തങ്ങാനുള്ള അനുമതിയായത്‌. സ്വന്തം നാടായ കൊല്ലത്ത് തുടരാമെന്നും 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നുമാണ് നിലവിലെ ജാമ്യവ്യവസ്ഥ. ചികിത്സയ്ക്കായി എറണാകുളത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി