കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതോടെ പോലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പത്താനിലേക്ക് പോകാനിരുന്ന തന്നെ പുറത്തിറങ്ങാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയതിന്റെ ചിത്രങ്ങള്‍ സഹിതം അവര്‍ ട്വീറ്റ് ചെയ്തു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങള്‍ ഇത്ര എളുപ്പത്തില്‍ റദ്ദ് ചെയ്യാമെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും അവര്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി അമിത്ഷായേയും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയേയും മെന്‍ഷന്‍ ചെയ്തായിരുന്നു മെഹബൂബയുടെ ട്വീറ്റ്.
എന്നാല്‍ ആരോപണം തള്ളി ശ്രീനഗര്‍ പോലീസ് രംഗത്തെത്തി. യാതൊരു നിയന്ത്രണവും മെഹബൂബ മുഫ്തിയ്ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വിശദീകരിച്ചു. മെഹബൂബ പങ്കുവച്ചത് വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടതിന്റെ ചിത്രങ്ങളാണെന്നും ശ്രീനഗര്‍ പോലീസ് ട്വീറ്റ് ചെയ്തു.
ഇതോടെ പോലീസിന്റെ വാദം തള്ളി മെഹബൂബ മുഫ്തി വീണ്ടും രംഗത്തെത്തി. തന്നെ പത്താനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ബാരമുള്ള എസ്പി തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി അറിയിച്ചതെന്ന് അവര്‍ പറഞ്ഞു. ഗേറ്റ് പൂട്ടിയില്ലെന്ന് നുണ പറഞ്ഞ് രക്ഷപ്പെടാനാണ് പോലീസ് ശ്രമിച്ചത്. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അവരുടെ തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയതിന് ശേഷം മാത്രം വീട്ടില്‍ നിന്നും പുറത്തിറങ്ങാനായെന്നും അവര്‍ ട്വീറ്റ് ചെയ്തു.