ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യയില്‍ കുറഞ്ഞത് രണ്ട് മാധ്യമപ്രവര്‍ത്തകരെയെങ്കിലും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റുമായി ചേര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ അന്വേഷണത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.
'സർക്കാർ പിന്തുണയുള്ള കടന്നുകയറ്റക്കാർ നിങ്ങളുടെ ഫോൺ ലക്ഷ്യംവെക്കുന്നു,' എന്ന സന്ദേശം ആപ്പിളില്‍നിന്ന് ലഭിച്ചുവെന്ന ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് രണ്ട് മാസത്തിനുശേഷമാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സ്വതന്ത്ര മാധ്യമസ്ഥാപനമായ ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ട് പ്രൊജക്റ്റിന്റെ ദക്ഷിണേഷ്യ എഡിറ്റർ ആനന്ദ് മാംഗ്നലെയെയുമാണ് പെഗാസസ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സ്‌റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴാണ് ആനന്ദിന്റെ ഫോണില്‍ പെഗാസസ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018ലും 2023 ഒക്ടോബര്‍ 16നും വരദരാജനെ പെഗാസസ് ലക്ഷ്യമിട്ടതായാണ് ആംനസ്റ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
ആനന്ദിനെയും സിദ്ധാര്‍ത്ഥ് വരദരാജനെയും ഒരേ പെഗാസസ് കസ്റ്റമറാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രണ്ട് പേരുടെ ഫോണിലും ഒരേ ഇമെയില്‍ വിലാസമാണ് കണ്ടെത്തിയിരിക്കുന്നത്. ആനന്ദിന്റെ ഫോണില്‍ പെഗാസസ് ആക്രമണത്തിന്റെ ഭാഗമായി ഉപയോഗിച്ച ആക്രമണ നിയന്ത്രിതമായ ഇമെയില്‍ വിലാസം സെക്യൂരിറ്റി ലാബ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ സാമ്പിളുകള്‍ എഎസ്ഒ ഗ്രൂപ്പിന്റെ BLASTPASS ചൂഷണത്തിന് സമാനമാണ്.
അതേസമയം ആപ്പിളില്‍നിന്ന് ലഭിച്ച മുന്നറിയിപ്പിന് ശേഷം രാഷ്ട്രീയ ആഘാതങ്ങള്‍ മയപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആപ്പിളിന്റെ ഇന്ത്യന്‍ പ്രതിനിധികളെ സമീപിച്ചിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
''ന്യൂഡല്‍ഹിയില്‍ നടന്ന ഒരു യോഗത്തിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ള ആപ്പിളിന്റെ ഒരു സുരക്ഷാ വിദഗ്ധനെയും കേന്ദ്ര സര്‍ക്കാര്‍ വിളിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ ബദല്‍ വിശദീകരണം നല്‍കാന്‍ ആപ്പിള്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തി. തന്ത്രപ്രധാനമായ കാര്യങ്ങള്‍ പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയില്‍ അവര്‍ ചര്‍ച്ച ചെയ്യുകയായിരുന്നു,'' റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തൃണമൂല്‍ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി, സിദ്ധാര്‍ത്ഥ് വരദാരജ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യപ്രവര്‍ത്തകരുടെയും ഫോണിലാണ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണത്തെക്കുറിച്ച് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. 150 രാജ്യങ്ങളിലെ വ്യക്തികള്‍ക്കാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്.
''സര്‍ക്കാരുമായി ബന്ധപ്പെട്ട കടന്നുകയറ്റക്കാർ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തിയേക്കും. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ടായിരിക്കാം നിങ്ങളെ ലക്ഷ്യം വെച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ദൂരെ നിന്നുവരെ ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ഈ ആക്രമികള്‍ക്ക് സാധിച്ചേക്കും. നിങ്ങളുടെ ക്യാമറയും മൈക്രോഫോണിന്റെയും നിയന്ത്രണവും അവര്‍ക്ക് ലഭിച്ചേക്കും. ഈ മുന്നറിയിപ്പ് തെറ്റായിരിക്കാമെങ്കിലും ഇത് ഗൗരവത്തില്‍ എടുക്കണമെന്ന് അഭ്യർഥിക്കുന്നു,''ഇതായിരുന്നു ആപ്പിളിന്റെ സന്ദേശം.