INDIA

ഗാന്ധിവധം ഒഴിവാക്കിയതിന് പിന്നാലെ ജനാധിപത്യവും പുറത്ത്; പാഠപുസ്തകത്തിൽ വീണ്ടും വെട്ടിനിരത്തലുമായി എന്‍സിഇആര്‍ടി

വിദ്യാർഥികളിലെ പഠനഭാരം കുറയ്ക്കാനാണ് തീരുമാനം എന്നാണ് വിശദീകരണം

വെബ് ഡെസ്ക്

ഗാന്ധിവധം, ഗുജറാത്ത് കലാപം, മുഗള്‍ ചരിത്രം എന്നിവയ്ക്ക് പിന്നാലെ പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കി എന്‍സിഇആര്‍ടി. വിദ്യാർഥികളിലെ പഠനഭാരം കുറയ്ക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം. ഈ വർഷമാദ്യം പത്താം ക്ലാസ് പാഠ്യപദ്ധതിയിൽനിന്ന് പരിണാമ സിദ്ധാന്തം നീക്കിയിരുന്നു.

എന്‍സിഇആര്‍ടി പുതുതായി പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തിൽനിന്നാണ് പിരിയോഡിക് ടേബിൾ എടുത്തുകളഞ്ഞത്. പരിസ്ഥിതി സുസ്ഥിരത, ഊര്‍ജസ്രോതസുകൾ എന്നിവയാണ് സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ വിഷയങ്ങൾ.

ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കം ചെയ്തു. സാമൂഹ്യ ശാസ്ത്രത്തിലെ ജനാധിപത്യ രാഷ്ട്രീയത്തില്‍നിന്ന് ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെക്കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി ഉന്നയിക്കുന്ന വാദം.

ഇന്ത്യയിൽ ശാസ്ത്രം നിർബന്ധിത വിഷയമായി പഠിപ്പിക്കുന്ന അവസാന വർഷമാണ് പത്താം ക്ലാസ്. ഇനി മുതൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ കെമിസ്ട്രി പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രേ പിരിയോഡിക് ടേബിൾ പഠിക്കാനാവൂ.

ശാസ്ത്രവിഷയങ്ങളില്‍ ഡാര്‍വിന്റെ ജീവപരിണാമസിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കേയാണ് പിരിയോഡിക് ടേബിളും ഊര്‍ജസ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല.

ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്‌റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നേരത്തെ എന്‍സിഇആര്‍ടി നീക്കം ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. എന്നാല്‍, പാഠഭാഗങ്ങളെ ഒഴിവാക്കിയോ കൂട്ടിച്ചേര്‍ത്തോ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നേരത്തെ പരസ്യപ്പെടുത്തേണ്ടതില്ലെന്നായിരുന്നു കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിലൂടെയാണ് എന്‍സിഇആര്‍ടി നിലപാട് വ്യക്തമാക്കിയത്.

2022-23 അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ഏതെങ്കിലും ഭാഗങ്ങള്‍ പുതുതായി വെട്ടിമാറ്റുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിആര്‍ടി വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. ആവര്‍ത്തനം, അപ്രസക്തം, പുതിയ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്, കുട്ടികള്‍ക്ക് പാഠപുസ്തകത്തിലൂടെയല്ലാതെ തന്നെ വിവരങ്ങള്‍ ആര്‍ജിക്കാനാകുന്നത് എന്നിങ്ങനെയായിരുന്നു വിവിധ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ നല്‍കിയ വിശദീകരണം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം