INDIA

'മൂന്ന് വർഷമായി എന്തുചെയ്യുകയായിരുന്നു?' തമിഴ്നാട് ഗവർണറോട് സുപ്രീംകോടതി; കേരളത്തിന്റെ ഹർജിയിൽ ഗവർണർക്ക് നോട്ടീസ്

നോട്ടീസിന് അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയോടും കേന്ദ്രസർക്കാരിനോടും കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

വെബ് ഡെസ്ക്

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണമാർ തീരുമാനം വൈകിപ്പിക്കുന്നതിൽ വീണ്ടും വിമർശമുയർത്തി സുപ്രീംകോടതി. മൂന്ന് വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും കക്ഷികൾ സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ ഗവർണർ എന്തിന് കാത്തിരിക്കണമെന്നും തമിഴ്നാട് ഗവർണറോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

2020 ജനുവരി മുതൽ അനുമതിക്കായി സമർപ്പിച്ച ബില്ലുകൾ തീർപ്പാക്കുന്നതിൽ ഗവർണറുടെ ഭാഗത്തുനിന്നുണ്ടാവുന്ന കാലതാമസത്തെ ചോദ്യംചെയ്താണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാട് സമര്‍പ്പിച്ച 10 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. ഈ ബില്ലുകള്‍ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയിൽ നവംബർ 10 ന് കോടതി നോട്ടീസ് അയച്ചശേഷം മാത്രമാണ് 10 ബില്ലുകളിൽ തീരുമാനമെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി . ഗവർണറുടെ നിഷ്‌ക്രിയത്വം ഗൗരവതരമായ പ്രശ്‌നമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, സമാനവിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും നല്‍കിയ നോട്ടീസില്‍ അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

എട്ട് ബില്ലുകള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ വേണു, ടി പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍.

പൊതുജനാരോഗ്യം, ഉന്നതവിദ്യാഭ്യാസം, ലോകായുക്ത മുതലായ വിഷയങ്ങളിലെ എട്ട് ബില്ലുകളാണ് കേരളത്തിന്റേത്. സുപ്രീംകോടതിയിലെ ഹര്‍ജിക്ക് പിന്നാലെ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു.

കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലും അഭിഭാഷകനായ സി കെ ശശിയും തമിഴ്നാടിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ എഎം സിംഗ്വി, പി വില്‍സണ്‍, അഭിഭാഷകന്‍ ശബരീഷ് സുബ്രഹ്മണ്യന്‍ എന്നിവരുമാണ് ഹാജരായത്.

നേരത്തെ തമിഴ്നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജിയില്‍, ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവര്‍ണര്‍മാര്‍ എന്ന വസ്തുത അവര്‍ അവഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തിയിരുന്നു.

ഗവര്‍ണര്‍ ആര്‍ എന്‍ രവി 'ഭരണഘടനാപരമായ സ്തംഭനാവസ്ഥ' സൃഷ്ടിച്ച് ഭരണഘടനാപരമായ രാഷ്ട്രതന്ത്രജ്ഞനേക്കാള്‍ ഉപരി 'രാഷ്ട്രീയ എതിരാളിയെ' പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട് ആരോപിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന കോടതി ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യന്‍ അറ്റോര്‍ണി ജനറലിനോടോ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലിനോടോ ഇന്ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 200, ഗവര്‍ണറോട് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാര പ്രഖ്യാപനത്തിനായി അവതരിപ്പിക്കുമ്പോള്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ഗവര്‍ണറെ ചുമതലപ്പെടുത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം രണ്ട് തവണ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ പഞ്ചാബ് സമര്‍പ്പിച്ച സമാനമായ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചശേഷം മാത്രം ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.

കേരളം സുപ്രീംകോടതിയെ സമീപിച്ച നടപടി സ്വാഗതം ചെയ്യുന്നതായും സര്‍ക്കാരിന്റെ ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാം. വിഷയത്തില്‍ വ്യക്തതയ്ക്കുവേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ