ഗ്യാന്‍വാപി മസ്ജിദ്  
INDIA

'ഹിന്ദു-മുസ്ലിം തര്‍ക്കം ചിലർ മുതലെടുക്കുന്നു'; ഗ്യാന്‍വാപി കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കണമെന്ന് ഹിന്ദുസംഘടന

ഹിന്ദു-മുസ്ലിം പക്ഷങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് പരാതിക്കാരിലൊരു കക്ഷിയായ ഹിന്ദു സംഘടന കത്തയച്ചു

വെബ് ഡെസ്ക്

ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതിനിടെ ഗ്യാന്‍വാപി പള്ളി തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ നീക്കവുമായി ഹിന്ദു സംഘടന. ഇക്കാര്യത്തില്‍ ഹിന്ദു-മുസ്ലിം പക്ഷങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് പരാതിക്കാരിലൊരു കക്ഷിയായ ഹിന്ദു സംഘടന കത്തയച്ചു. വിശ്വവേദ സനാതന്‍ സംഘ് മേധാവി ജിതേന്ദ്ര സിങ് ബിസെന്‍ ആണ് തുറന്ന ചര്‍ച്ച ആവശ്യപ്പെട്ട് കത്തയച്ചത്. കേസിലെ പ്രധാന വാദിയായ രാഖി സിങ്ങിന്റെ സമ്മതത്തെ തുടര്‍ന്നാണ് ഹിന്ദു പക്ഷത്തിന് വേണ്ടി കത്ത് നല്‍കിയതെന്ന് ബിസെന്‍ പറഞ്ഞു.

'പരസ്പര സമ്മതത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെങ്കില്‍, അതിനേക്കാള്‍ മികച്ചതൊന്നും ഉണ്ടാകില്ല' ജിതേന്ദ്ര സിങ് ബിസെന്‍ പറഞ്ഞു. 'ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഈ തര്‍ക്കത്തെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മുതലെടുക്കാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തിനും സമൂഹത്തിനും ദോഷകരമാണ്' - ബിസെന്‍ കത്തില്‍ പറയുന്നു. 'ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് പരസ്പര ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ച് മാതൃക കാട്ടണം. അത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്' - സമാധാനപരമായ ചര്‍ച്ചയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും കത്തില്‍ പറയുന്നു.

മസ്ജിദ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് കത്ത് ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിന്‍ പറഞ്ഞു.' മാധ്യമങ്ങള്‍ വഴിയാണ് കത്ത് ലഭിച്ചത്. കത്ത് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും. കമ്മിറ്റി അംഗങ്ങള്‍ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും' - യാസിന്‍ പറഞ്ഞു.

എന്നാൽ തങ്ങളുടെ കക്ഷികള്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് കേസിലെ മറ്റ് ഹിന്ദു പക്ഷക്കാരായ ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു.'സനാതന്‍ ധര്‍മ്മി, കാശിയിലെ ഭോലേനാഥിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കാന്‍ തയ്യാറല്ല. മുസ്ലിങ്ങള്‍ മാപ്പ് പറഞ്ഞ് അനധികൃത അധിനിവേശത്തില്‍ നിന്ന് പിന്മാറണം' -അദ്ദേഹം എക്‌സില്‍ പോസ്റ്റില്‍ ചെയ്തു.

ഗ്യാന്‍വാപി വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് മുസ്ലിം സമൂഹം സമ്മതിക്കണമെന്നും പ്രശ്നം പരിഹരിക്കാന്‍ അവര്‍ മുന്നോട്ട് വരണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു. വാരണാസി കോടതിയുടെ ഉത്തരവ് പ്രകാരം ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ സര്‍വേ നടക്കുന്നതിനിടയിലാണ് കോടതിക്ക് പുറത്ത് പ്രശ്ന പരിഹാരം എന്ന നിർദേശം ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ