ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും ഡിസ്പെന്‍സറികളിലും മരുന്ന് വിതരണം ചെയ്യാനുള്ള അധികാരം അംഗീകൃത ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമാണെന്ന് സുപ്രീംകോടതി. മരുന്ന് വിതരണം ചെയ്യുന്നത് അംഗീകൃത ഫാര്‍മസിസ്റ്റുകളാണോയെന്ന് ഫാര്‍മസി കൗണ്‍സിലും സംസ്ഥാന സര്‍ക്കാരുകളും ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പാറ്റ്‌ന ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. ജസ്റ്റിസുമാരായ എംആര്‍ ഷാ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്ന് തയ്യാറാക്കാനോ വിതരണം ചെയ്യാനോ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമെ അനുമതി നല്‍കാവൂ എന്ന പൊതുതാത്പര്യ ഹര്‍ജി നേരത്തെ പാറ്റ്ന ഹൈക്കോടതി തള്ളിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളെ കൂടാതെ ആശുപത്രിയിലെ ക്ലര്‍ക്കുമാരും സ്റ്റാഫ് നഴ്‌സുമാരും ഫാര്‍മസിസ്റ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 2015ല്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിച്ച ഫാര്‍മസി കൗണ്‍സില്‍ റെഗുലേഷന്‍ ആക്ട് നടപ്പിലാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിക്കുന്നതില്‍ പാറ്റ്ന ഹൈക്കോടതി പരാജയപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഒരു നടപടിയും ബിഹാര്‍ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിഹാര്‍ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായ നടപടി പൊതുജനാരോഗ്യത്തെ ബാധിച്ചു. ഹര്‍ജി തള്ളുന്നതിന് പകരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് പാറ്റ്ന ആവശ്യപ്പെടേണ്ടതായിരുന്നു എന്ന് സുപ്രീംകോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ട ഇളവുകള്‍ വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യാത്ത ഫാര്‍മസിസ്റ്റുകള്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കാനും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2015ലെ ഫാര്‍മസി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.