INDIA

ചിത്രങ്ങൾ, ഫോൺ ലൊക്കേഷൻ; ബ്രിജ് ഭൂഷണിന് തിരിച്ചടിയായ ഡിജിറ്റൽ - സാങ്കേതിക തെളിവുകൾ

പോലീസ് അയച്ച നോട്ടീസിന് മറുപടിയായി ഗുസ്തി ഫെഡറേഷൻ അധികൃതർ കൈമാറിയ നാല് ചിത്രങ്ങൾ വ്യക്തമായ തെളിവാണ്

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. പോലീസ് അയച്ച നോട്ടീസിന് മറുപടിയായി ഗുസ്തി ഫെഡറേഷൻ അധികൃതർ കൈമാറിയ നാല് ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദേശത്ത് വച്ചുനടന്ന പരിപാടിയിൽ താരങ്ങളോട് ബ്രിജ് ഭൂഷണ്‍ അപമര്യാദയായി പെരുമാറുന്നത് ഫോട്ടോകളിൽ വ്യക്തമാണ്. മാത്രമല്ല, ലൈംഗിക പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു പരിപാടിയില്‍ ബ്രിജ് ഭൂഷൺ പങ്കെടുത്തിരുന്നുവെന്ന് മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സാക്ഷികളുടെ മൊബൈൽ ഫോൺ പരിശോധനയിലും ഇത് വ്യക്തമാണ്. ഇവയൊക്കെയും പ്രതിക്കെതിരായുള്ള ഡിജിറ്റൽ തെളിവുകളാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കുന്നു.

മോശം പെരുമാറ്റം, അനുവാദമില്ലാതെ സ്പർശനം, വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ചിരുന്നത്

ലൈംഗിക പീഡനം, ഉപദ്രവം, വേട്ടയാടൽ തുടങ്ങിയ ആരോപണങ്ങൾ ശരിവച്ചുകൊണ്ടുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍ ഡൽഹി പോലീസ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബ്രിജ് ഭൂഷൺ വിചാരണ ചെയ്യപ്പെടണമെന്നും ശിക്ഷയ്ക്കപ്പെടണമെന്നും ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആറ് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് കണ്ടെത്തല്‍. മോശം പെരുമാറ്റം, അനുവാദമില്ലാതെ സ്പർശനം, വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ചിരുന്നത്.

സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും പരിശീലകന്റെ ഫോൺ ലൊക്കേഷനും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി

ഗുസ്തി മത്സരത്തിനിടെ പരുക്കേറ്റത്തിന് ശേഷം ടീമിലെ പരിശീലകനൊപ്പം അശോക് റോഡിലെ ഗുസ്തി ഫെഡറേഷൻ ഓഫീസിൽ എത്തിയ താരത്തോട് ലൈംഗിക ചുവയോടെ ബ്രിജ് ഭൂഷൺ സംസാരിച്ചതായി ആരോപണമുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷൻ ഓഫീസിൽ സിസിടിവിയോ സന്ദർശകരുടെ പേരുവിവരങ്ങൾ സൂക്ഷിക്കുന്ന രജിസ്റ്ററോ ഇല്ല. എന്നിരുന്നാലും, സാഹചര്യതെളിവുകളും സാക്ഷിമൊഴികളും താരത്തിനൊപ്പമുണ്ടായിരുന്ന പരിശീലകന്റെ ഫോൺ ലൊക്കേഷനും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി 108 സാക്ഷികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു. ഇതിൽ 15 പേര്‍ പരിശീലകരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിനിടെ റഫറിമാരും ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍), 354 (സ്ത്രീകള്‍ക്കെതിരായ അക്രമം), 354 എ (ലൈംഗിക പീഡനം), 354 ഡി (വേട്ടയാടല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ കുറ്റം ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് പറയുന്നു. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടെണ്ണത്തില്‍ സെക്ഷന്‍ 354, 354 എ, 354 ഡി എന്നിവ പ്രകാരമാണ് കേസെടുത്തത്. നാല് കേസുകളില്‍ സെക്ഷന്‍ 354, 354എ എന്നിവ പ്രകാരവുമാണ് കേസ്. ഇത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ