മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന് സമീപത്തെ പുല്‍ത്തകിടിയിലാണ് മൃതദേഹങ്ങളുള്ളത്. വംശീയ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ വേഗത്തില്‍ തന്നെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
രണ്ടാമത്തെ ചിത്രത്തില്‍ അവരുടെ മൃതദേഹങ്ങള്‍ പുല്ലില്‍ ചെരിഞ്ഞ് കിടക്കുന്നതാണ് കാണുന്നത്.
സെൻട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെടുന്നതിന് മുന്‍പെടുത്ത ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുധാരികളായ രണ്ടുപേരെയും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ അവരുടെ മൃതദേഹങ്ങള്‍ പുല്ലില്‍ ചെരിഞ്ഞ് കിടക്കുന്നതാണ് കാണുന്നത്. ഈ കേസ് രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പോലീസ് ഇത്രയധികം സമയമെടുക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ഒരു കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്ന് രണ്ടുപേരുടെയും ദൃശ്യങ്ങള്‍ ജൂലൈയില്‍ തന്നെ ലഭിച്ചിരുന്നു.
ചിത്രങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും രണ്ടുപേരെയും തിരിച്ചറിയുന്നതിനും വിപുലമായ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും. ''2023 ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടു. ജനങ്ങളുടെ ആവശ്യപ്രകാരം ഈ കേസ് ഇതിനോടകം തന്നെ പ്രത്യേകസംഘത്തിന് കൈമാറിയിട്ടുണ്ട്'' മണിപ്പൂര്‍ സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പോംജിത്തിനെയും ലിന്തോയിങ്കമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ക്രമസമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് അവരുടെ തിരോധാനവുമാി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കും. കൂടാതെ അവരുടെ കൊലപാതകികളെ തിരിച്ചറിയാനും കുറ്റവാളികളെ പിടികൂടി കനത്ത ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് അധികൃതര്‍ പറഞ്ഞു.
കേന്ദ്രം, സംസ്ഥാനം, സൈന്യം എന്നിവയുമായി ത്രികക്ഷി സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (soO) കരാറില്‍ ഒപ്പുവച്ച 25 കുക്കി വിമതഗ്രൂപ്പുകളുടെ നിരവധിക്യാമ്പുകള്‍ മണിപ്പൂരിലെ കുന്നുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. താഴ്വര കേന്ദ്രീകരിച്ചുള്ള മിലിഷ്യകള്‍ തങ്ങളെ ആക്രമിക്കുന്നതായി കുക്കികള്‍ ആരോപിച്ചു. അതേസമയം കുക്കി കലാപകാരികള്‍ അത്യാധുനിക ആയുധങ്ങളുമായി പരസ്യമായി പ്രശ്‌നമുണ്ടാക്കി കരാര്‍ ലംഘിച്ചതായി മെയ്തികള്‍ ആരോപിക്കുന്നു. മേയ് മൂന്നിനാണ് മലയോര ഭൂരിപക്ഷമായ കുക്കി ഗോത്രങ്ങളും താഴ്‌വരയില്‍ ഭൂരിപക്ഷമുള്ള മെയ്തികളും തമ്മിലുള്ള വംശീയ അക്രമങ്ങള്‍ ആരംഭിക്കുന്നത്. പട്ടികവര്‍ഗ പദവിക്കായുള്ള മെയ്തികളുടെ ആവശ്യങ്ങള്‍ക്കെതിരെ കുക്കികള്‍ നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിനോടകം മണിപ്പൂരില്‍ 180 ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ അവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തു.