ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ സുരക്ഷാമാനദണ്ഡങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയിൽ കവച് പ്രൊട്ടക്ഷൻ സിസ്റ്റം എന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാമാനദണ്ഡങ്ങളും വിശകലനം ചെയ്യാനും, അവലോകനം ചെയ്യാനും സുരക്ഷാ മാർഗങ്ങൾ നിർദേശിക്കുന്നതിനും സാങ്കേതിക അംഗങ്ങൾ അടങ്ങുന്ന ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണം. റെയിൽ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും കമ്മീഷൻ രണ്ട് മാസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ പറയുന്നു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ വ്യതിയാനം ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ മൂല കാരണം എന്നാണ് റെയിൽ മന്ത്രി വിശദീകരിച്ചത്. അപകടത്തിൽ 288 പേർ മരിച്ചതായാണ് റെയിൽവെയുടെ സ്ഥിരീകരണം. ആയിരത്തോളം പേർക്ക് പരുക്കേറ്റതായും നിരവധി പേരുടെ നില ഗുരുതരമെന്നുമാണ് കണക്ക്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അപകടത്തിൽ റെയിൽവെയുടെ ഗുരുതര അനാസ്ഥയുണ്ടെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.