INDIA

'ഗ്യാൻവാപിയിൽ ആരാധനാലയ നിയമം ബാധകമാകില്ല'; നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി, ഹർജി തള്ളി

വെബ് ഡെസ്ക്

ഗ്യാൻവാപി മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്ജിദ് 1991 ലെ ആരാധനാലയ നിയമ (പ്ലേസ് ഓഫ് വർഷിപ്പ് ആക്ട്) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥലമല്ലെന്ന് കോടതി നിരീക്ഷിച്ചു.

1991ൽ ഗ്യാൻവാപി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് മുമ്പ് കാശി വിശ്വനാഥ ക്ഷേത്രമാണെന്നും ആരാധനാവകാശം വേണമെന്നും ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട നിരവധി അപേക്ഷകൾ പരിഗണിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

1991ൽ ആരാധനാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ സമർപ്പിച്ച ഹർജിയും 2021 ൽ വാരണാസി ജില്ലാകോടതി ഉത്തരവിട്ട ആർക്കിയോളജി വിഭാഗത്തിന്റെ സർവേയും 1991ലെ ആരാധനാലയ നിയമപ്രകാരം അനുവദനീയമല്ല എന്നതായിരുന്നു അഞ്ചുമാൻ ഇന്റെസാമിയ മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദം. ഈ ആവശ്യമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

ആരാധനാലയ നിയമപ്രകാരം, 1947 ഓഗസ്റ്റ് 15 മുതൽ ഇങ്ങോട്ട് ഇന്ത്യയിലെ ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ നിലനിർത്തണമെന്നും മാറ്റങ്ങൾ വരുത്താൻ പാടില്ലെന്നും പ്രത്യേകം പറയുന്നു. ആരാധനാലയ നിയമം ബാധകമാക്കേണ്ടതില്ലെന്ന തീരുമാനമാണ് ബാബരി മസ്ജിദ് വിധി ഇപ്പോഴുള്ള വിധത്തിലാകാൻ കാരണമായി കണക്കാക്കുന്നത്.

മസ്ജിദ് വളപ്പിന് ഹിന്ദു സ്വഭാവമോ. മുസ്ലിം സ്വഭാവമോ ഉണ്ടാകാം. അത് ഈ ഘട്ടത്തിൽ നിർണയിക്കാൻ സാധിക്കുന്നതല്ലെന്നും കോടതി പറയുന്നു. വിഷയം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മതവിഭാഗങ്ങളെ ബാധിക്കുന്നതാണ്, അതുകൊണ്ടുതന്നെ അടുത്ത ആറ് മാസത്തിനുള്ളിൽ വിചാരണ കോടതിയോട് ഒരു തീരുമാനത്തിലേക്കെത്താൻ ആവശ്യപ്പെടണമെന്നും ഹൈക്കോടതി പറയുന്നു. അതുപോലെ ആർക്കിയോളജി വിഭാഗത്തോട് സർവേ നടത്താൻ വിചാരണ കോടതി ആവശ്യപ്പെട്ടതിലും തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ കോടതിക്ക് ഇനിയും സർവേ നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2021 മുതൽ വീണ്ടും സജീവമായ കേസ് നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ ജസ്റ്റിസ് പ്രകാശ് പാഡിയ വിധി പറയാതെ നീട്ടിക്കൊണ്ടുപോകുന്നത് ചൂണ്ടിക്കാണിച്ച് ആ ബെഞ്ചിൽനിന്ന് കേസ് മാറ്റണമെന്ന് കാണിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ദിവാകർ ഉത്തരവിറക്കിയിരുന്നു. അതിനെ തുടർന്നാണ് കാര്യങ്ങൾ വീണ്ടും ത്വരിതഗതിയിൽ മുന്നോട്ടുപോയത്.

കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ കേസ് തന്റെ ബെഞ്ചിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവുകളിൽ സുപ്രീംകോടതി ഇതുവരെ ഇടപെട്ടിട്ടില്ല.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം