പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയാനുള്ള ശ്രമങ്ങളുമായി ഡല്‍ഹി പോലീസ്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിയില്‍ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ എന്‍എസ് യു നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കരുതല്‍ തടങ്കലിലാണ് എന്നാണ് വിവരം. അസീസ്, നിവേദ്യ, അബ്രഹാം, തേജസ് എന്നീ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ക്യാമ്പസില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിന്റെ ഭാഗമായി ക്യാമ്പസില്‍ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തുമെന്നായിരുന്ന് അറിയിച്ചത്. ഇതിന് പിന്നാലെ കാമ്പസില്‍ അനാവശ്യ ഒത്തുചോരലുകള്‍ വിലക്കി അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ബിബിസി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ സംപ്രേക്ഷണാനുമതി നിഷേധിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഹ്രസ്വചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി ജെഎന്‍യു ക്യാമ്പസില്‍ ചൊവ്വാഴ്ച രാത്രി സംഘര്‍ഷവും അരങ്ങേറി. ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ക്യാമ്പസില്‍ വൈദ്യുതി തടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എബിവിപി ആണെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം,
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിലെ ക്യാമ്പസുകളിലും, തെരുവുകളിലും ഇടത്, കോണ്‍ഗ്രസ് സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിച്ചതും പലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു.