ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍  
INDIA

'മുഹമ്മദ് ഫൈസൽ എം പി സ്ഥാനത്ത് തുടരുന്നത് ഭരണഘടനാ ലംഘനം'; അയോഗ്യത നീക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

വെബ് ഡെസ്ക്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഖാന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അശോക് പാണ്ഡെയാണ് ഹർജി സമർപ്പിച്ചത്. മുഹമ്മദ് ഫൈസൽ കുറ്റവിമുക്തനായിട്ടില്ലെന്നും അതിനാൽ എം പി സ്ഥാനത്ത് തുടരുന്നത് ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. വധശ്രമക്കേസിൽ ഐപിസി 307-ാം വകുപ്പ് പ്രകാരം പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ അയോഗ്യത നീക്കിയ ലോക്സഭാ സ്‌പീക്കറിന്റെ നടപടി തെറ്റാണെന്നും ഹർജിക്കാരൻ പറയുന്നു.

ഭരണഘടനയുടെ 102ാം അനുച്ഛേദവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 8-ാം വകുപ്പും അനുസരിച്ച്, പാർലമെന്റ് / നിയമസഭ അംഗത്വമുള്ള വ്യക്തി ഒരു കേസിൽ ശിക്ഷിക്കപ്പെട്ട തീയതി മുതൽ ആയോഗ്യനാണ്. അതുപ്രകാരം പാർലമെന്റ് / നിയമസഭ അംഗത്വമുള്ള വ്യക്തിക്കെതിരെ മേൽക്കോടതി ചുമത്തിയ കുറ്റങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കുന്നതുവരെ അയോഗ്യത തുടരും. ഈ നിയമം ലംഘിച്ചാണ് ലക്ഷദ്വീപ് എംപിയുടെ അയോഗ്യത നീക്കിയതെന്ന് ഹർജിയിൽ പറയുന്നു.

ക്രിമിനൽ നടപടി ചട്ടം (സിആർപിസി) 389-ാം വകുപ്പ് പ്രകാരം അപ്പീൽ കോടതിക്ക് ഒരു വ്യക്തിക്കെതിരെയുള്ള ശിക്ഷ സ്റ്റേ ചെയ്യാനോ ജാമ്യം അനുവദിക്കാനോ മാത്രമാണ് അനുമതി നൽകുന്നത്. എന്നാൽ ഈ വ്യവസ്ഥ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കാൻ അനുമതിയില്ല. ഈ സാഹചര്യത്തിൽ ശിക്ഷാവിധി സ്റ്റേ ചെയ്തതിന്റെ പേരിൽ ലോക്സഭ അയോഗ്യനാക്കിയ വ്യക്തിയെ എങ്ങനെയായാണ് പർലമെന്റിലേക്ക് മടക്കികൊണ്ടുവന്നതെന്ന് ഹർജിക്കാരൻ ചോദിക്കുന്നു. അതേസമയം, മേൽക്കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ സാധിക്കുമോയെന്ന കാര്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഐപിസി 307-ാം വകുപ്പ് പ്രകാരം പത്ത് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതു മുതൽ മുഹമ്മദ് ഫൈസൽ അയോഗ്യനായി. ഇതിന് പിന്നാലെ സ്പീക്കർ പുറപ്പെടുവിപ്പിച്ച ഉത്തരവ് കേവലം ഔപചാരികതയുടെ പേരിലാണ്. നിലവിൽ കുറ്റവിമുക്തനാക്കാത്ത പക്ഷം മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരുന്നത് ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ കവരത്തി സെഷൻസ് കോടതിയാണ് 10 വർഷം തടവിന് ശിക്ഷിച്ചത്.തുടർന്ന് ശിക്ഷാ വിധിക്കെതിരെ മുഹമ്മദ് ഫൈസൽ കേരളാ ഹൈക്കോടതിയെ സമീപിച്ചു. വിധി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ വിധി സ്റ്റേ ചെയ്ത ശേഷവും എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി അസാധുവാക്കാത്തതിനാൽ ലക്ഷദ്വീപ് എം പി സുപ്രീംകോടതിയിൽ ഹർജി നൽകി. തുടർന്ന് ഹർജി കോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മാർച്ച് 29 ന് സെക്രട്ടറിയേറ്റ് ഇദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു. അതേസമയം മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്‌പെൻഡ് ചെയ്‌ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി