സ്വര്‍വര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏപ്രില്‍ 18 മുതല്‍ അഞ്ച് അംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. അധിക സത്യവാങ്മൂലം ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു.
സ്വവര്‍ഗ വിവഹമെന്നത് അതീവ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി
സ്വവർഗ വിവാഹത്തിന് നിയമസാധുത നല്‍കരുതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യൻ കുടുംബസങ്കൽപത്തോടു ചേരുന്നതല്ല സ്വവർഗ വിവാഹമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിക്ക് കേസിൽ ഇടപെടാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാല്‍ സ്വവര്‍ഗ വിവഹമെന്നത് അതീവ ഗൗരവമുള്ളതാണെന്നും അന്തിമ തീരുമാനം സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. മത, സാമൂഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ കടക്കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട് ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിച്ചത്. വിഷയം പഠിച്ച് ആധികാരികമായ വിധി പുറപ്പെടുവിക്കാൻ എല്ലാ കേസുകളും സുപ്രീംകോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രം പ്രതികരണം അറിയിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. തുടർന്ന് ഹർജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുകയായിരുന്നു.
രേഖാമൂലം സമർപ്പിച്ച ഹർജികളും അനുബന്ധ രേഖകളുമുള്‍പ്പെടെ ഒറ്റ ഫയല്‍ തയ്യാറാക്കണമെന്ന് കേന്ദ്രത്തിന്റെയും ഹർജിക്കാരുടെയും അഭിഭാഷകരോട് കോടതി നിർദേശിച്ചിരുന്നു. കൂടാതെ, ഇവയുടെ പകർപ്പുകൾ കക്ഷികൾക്കും കോടതിക്കും കൈമാറുകയും വേണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. അഭിഭാഷക അരുന്ധതി കട്ജുവിനെ പരാതിക്കാരുടെ നോഡൽ കൗൺസലറായും അഡ്വക്കേറ്റ് കനു അഗർവാളിനെ കേന്ദ്ര സർക്കാരിന്റെ നോഡൽ കൗൺസലറായും നിയമിച്ചിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന രണ്ട് ഹർജികളിൽ കഴിഞ്ഞ വർഷം ഡിസംബർ 14ന് സുപ്രീംകോടതി കേന്ദ്രത്തോട് പ്രതികരണം തേടിയിരുന്നു. കൂടാതെ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമസാധുത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഗേ പങ്കാളികൾ കഴിഞ്ഞ വർഷം നവംബറിൽ സമർപ്പിച്ച വ്യത്യസ്ത ഹർജികളിലും കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. 2018-ൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്, കഴിഞ്ഞ വർഷം നവംബറിൽ വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന അവകാശം, എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ) വിഭാഗങ്ങൾക്കും അവരുടെ മൗലികാവകാശത്തിന്റെ ഭാഗമായി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ മുൻനിർത്തിയായിരുന്നു നോട്ടീസ്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് ലിംഗ നിഷ്പക്ഷമായി വ്യാഖ്യാനിക്കണമെന്നായിരുന്നു ഒരു ഹർജിയിലെ ആവശ്യം