സഞ്ജയ് കുമാര്‍ മിശ്ര 
INDIA

ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

നവംബർ 18നാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്

വെബ് ഡെസ്ക്

ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. മൂന്നാംതവണയും ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാവ് ജയാ ഠാക്കൂറാണ് ഹര്‍ജി നല്‍കിയത്. ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. നവംബർ 18നാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2023 നവംബർ വരെയാണ് പുതുക്കിയ കാലാവധി.

2018 ലാണ് സഞ്ജയ് കുമാര്‍ മിശ്ര ഇഡി ഡയറക്ടറായി നിയമിതനാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. കാലാവധി നവംബര്‍ 2020 ല്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം മിശ്രക്ക് അറുപത് വയസ് കഴിഞ്ഞിരുന്നു. എന്നാല്‍ മിശ്രയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി നീട്ടി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ 2020 നവംബറില്‍ പുറത്തിറക്കി.

'കോമണ്‍ കോസ്' എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടരുതെന്ന് 2021 സെപ്തംബര്‍ എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ വിജിലന്‍സ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സിറക്കി. തുടര്‍ന്ന് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2021 നവംബര്‍ 17 മുതല്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. ഓര്‍ഡിനന്‍സ് 2021 ഡിസംബറില്‍ നിയമമാക്കി. മിശ്രയുടെ കാലാവധി നീട്ടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി 'കോമണ്‍കോസ്' സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കാലാവധി നീട്ടരുതെന്ന കോടതിയുടെ മുന്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഹര്‍ജി നല്‍കി. ഇഡിയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇഡി ഡയറക്ടറുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടിനല്‍കിയത്.

മിശ്ര ഡയറക്ടറായതിന് ശേഷമാണ് പ്രതിപക്ഷത്തെ പല ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഇഡി കേസെടുക്കാനും അന്വേഷണം നടത്താനും ആരംഭിച്ചത് . കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍, നവാബ് മാലിക്, ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലിന് ഇരയായവരാണ്.

അതേ സമയം നീരവ് മോദിയെയും വിജയ് മല്യയെയും പോലെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാരെ മിശ്രയുടെ കാലയളവില്‍ കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് കുമാര്‍ മിശ്ര കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും വിശ്വസ്തനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് അയ്യായിരം കടന്നു| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ