കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി. ലക്‌നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അശോക് പാണ്ഡ്യയാണ് ഹർജി സമര്‍പ്പിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പാര്‍ലമെന്റ് അംഗത്വമോ നിയമസഭാംഗത്വമോ നഷ്ടപ്പെട്ടാല്‍ കുറ്റവിമുക്തനാകുന്നത് വരെ അവര്‍ അയോഗ്യരായി തുടരുമെന്ന് ഹർജിയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടശേഷമാണ് ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയത്. അംഗത്വം പുനഃസ്ഥാപിക്കാന്‍ ലോക്‌സഭ സ്പീക്കര്‍ക്ക് അവകാശമില്ല. അതിനാൽ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
അപകീര്‍ത്തിക്കേസില്‍ ഓഗസ്റ്റ് നാലിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത്. പിന്നാലെ ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്‍മാര്‍ക്കും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമായിരുന്നു അപകീര്‍ത്തിക്കേസിനാസ്പദമായ സംഭവം. മാര്‍ച്ച് 23നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.