വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ആരാധനയ്ക്ക് അനുമതി വേണമെന്ന ഹർജി കേള്‍ക്കരുതെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം തള്ളി അലഹാബാദ് ഹൈക്കോടതി. ആരാധനയ്ക്കായുള്ള അനുവാദം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിൽ വാദം തുടരും. വിഷയത്തില്‍ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിനെതിരായ ഹർജിയാണ് തള്ളിയത്.
മസ്ജിദ് പരിസരം ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും മുഗൾ ഭരണാധികാരി ഔറംഗസീബ് പൊളിച്ചുമാറ്റിയതാണെന്നുമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിക്കുന്നത്
ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ആരാധനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2021-ലാണ് അഞ്ച് സ്ത്രീകൾ വാരണാസി ജില്ലാ കോടതിയെ സമീപിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പുറം ഭിത്തികളിൽ സ്ഥാപിച്ചിട്ടുള്ള 'മാ ശൃംഗാർ ഗൗരി' പ്രതിഷ്ഠ ഉൾപ്പെടെയുള്ള ദേവതകളെ പതിവായി ആരാധിക്കണമെന്നായിരുന്നു ഹിന്ദു സംഘടനാ അംഗങ്ങളുടെ ആവശ്യം. ജില്ലാകോടതി കഴിഞ്ഞ സെപ്റ്റംബർ 12ന് ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് ഒക്ടോബറിൽ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുന്നത്. ആരാധനാലയങ്ങളുടെ പരിവർത്തനം തടയുന്ന 1991ലെ ആരാധനാലയ നിയമത്തിനെതിരല്ല അഞ്ച് സ്ത്രീകളുടെ ആവശ്യമെന്ന് അന്ന് ജില്ലാ ജഡ്ജി നിരീക്ഷിച്ചിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് നടത്തിയ വിഡിയോ സർവേയിൽ പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലത്ത് ശിവലിംഗത്തിന്റ രൂപത്തിലുള്ള കല്ല് കണ്ടെത്തിയതായി പറഞ്ഞിരുന്നു. മസ്ജിദ് പരിസരം ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും മുഗൾ ഭരണാധികാരി ഔറംഗസീബ് പൊളിച്ചുമാറ്റിയതാണെന്നുമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ച വാദം.
അടുത്തിടെ പള്ളിയിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധന നടത്താനും അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സർവേ നടത്താനാണ് നിർദേശം. ശാസ്ത്രീയ അന്വേഷണം വേണമെന്ന
അഞ്ച് സ്ത്രീകളിൽ നാല് പേർ സമർപ്പിച്ച ഹർജി കഴിഞ്ഞ വർഷം ഒക്ടോബറിൽ വാരണസി കോടതി തള്ളിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയ ശിവലിംഗത്തിന് കേടുപാടുകൾ പറ്റുമെന്ന് പറഞ്ഞ് ഒരു സ്ത്രീ പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗ്യാൻവ്യാപി പള്ളിയിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ സഹായിക്കുന്ന കാർബൺ ഡേറ്റിങ് ഉൾപ്പെടെയുള്ള പരിശോധന നടത്താനാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.