INDIA

സ്വവർഗ വിവാഹം: ഹൈക്കോടതികളില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റിയ ഹർജികള്‍ തിങ്കളാഴ്ച പരിഗണിക്കും

ഹൈക്കോടതികളിൽ തീർപ്പാക്കാതെ കിടന്ന എല്ലാ ഹർജികളും ഒന്നിച്ചുചേർത്ത് ജനുവരിയില്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു

വെബ് ഡെസ്ക്

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഈ വിഷയത്തിന്മേൽ ഡൽഹി ഹൈക്കോടതി ഉൾപ്പെടെയുള്ള ഹൈക്കോടതികളിൽ തീർപ്പാക്കാതെ കിടന്ന എല്ലാ ഹർജികളും ഒന്നിച്ചുചേർത്ത് ജനുവരിയില്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ ഹർജികളാണ് കോടതി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

വിഷയം പഠിച്ച് ആധികാരികമായ വിധി പുറപ്പെടുവിക്കാൻ എല്ലാ കേസുകളും സുപ്രീംകോടതിക്ക് കൈമാറണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം

സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട് ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിച്ചത്. വിഷയം പഠിച്ച് ആധികാരികമായ വിധി പുറപ്പെടുവിക്കാൻ എല്ലാ കേസുകളും സുപ്രീംകോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രം പ്രതികരണം അറിയിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. തുടർന്ന് ഹർജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുകയായിരുന്നു. രേഖാമൂലം സമർപ്പിച്ച ഹർജികളും അനുബന്ധ രേഖകളുമുള്‍പ്പെടെ ഒറ്റ ഫയല്‍ തയ്യാറാക്കണമെന്ന് കേന്ദ്രത്തിന്റെയും ഹർജിക്കാരുടെയും അഭിഭാഷകരോട് കോടതി നിർദേശിച്ചിരുന്നു. കൂടാതെ, ഇവയുടെ പകർപ്പുകൾ കക്ഷികൾക്കും കോടതിക്കും കൈമാറുകയും വേണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. അഭിഭാഷക അരുന്ധതി കട്ജുവിനെ പരാതിക്കാരുടെ നോഡൽ കൗൺസലറായും അഡ്വക്കേറ്റ് കനു അഗർവാളിനെ കേന്ദ്ര സർക്കാരിന്റെ നോഡൽ കൗൺസലറായും നിയമിച്ചിരുന്നു.

പ്രായപൂർത്തിയായവർക്കിടയിലെ ലൈംഗികത സ്വർഗാനുരാഗികളാണെങ്കിലും കുറ്റകരമല്ലെന്നായിരുന്നു 2018ല്‍ അഞ്ചംഗ ബെഞ്ച് വിധിച്ചത്

ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന രണ്ട് ഹർജികളിൽ കഴിഞ്ഞ വർഷം ഡിസംബർ 14ന് സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടിയിരുന്നു. കൂടാതെ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമസാധുത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഗേ പങ്കാളികൾ കഴിഞ്ഞ വർഷം നവംബറിൽ സമർപ്പിച്ച വ്യത്യസ്ത ഹർജികളിലും കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. 2018-ൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്, കഴിഞ്ഞ വർഷം നവംബറിൽ വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന അവകാശം, എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ) വിഭാഗങ്ങൾക്കും അവരുടെ മൗലികാവകാശത്തിന്റെ ഭാഗമായി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ മുൻനിർത്തിയായിരുന്നു നോട്ടീസ്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് ലിംഗ നിഷ്പക്ഷമായി വ്യാഖ്യാനിക്കണമെന്നായിരുന്നു ഒരു ഹർജിയിലെ ആവശ്യം.

പ്രായപൂർത്തിയായവർക്കിടയിലെ ലൈംഗികത സ്വർഗാനുരാഗികളിലും കുറ്റകരമല്ലെന്നായിരുന്നു 2018ല്‍ അഞ്ചംഗ ബെഞ്ച് വിധിച്ചത്. സ്വർഗാനുരാഗികള്‍ക്കും സ്വകാര്യ ഇടങ്ങളിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേർപ്പെടാമെന്നായിരുന്നു ഏകകണ്ഠമായുള്ള വിധി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി