INDIA

എൻഡിഎയുമായി സഖ്യമുണ്ടാക്കാന്‍ അവർ ആഗ്രഹിച്ചു, ഞാനത് എതിർത്തു; കെ സി ആറിനെതിരെ പ്രധാനമന്ത്രി

എൻഡിഎയുമായുള്ള സഖ്യം നിരസിച്ചത് കെസിആറിനെ പ്രകോപിതനാക്കിയെന്നും അദ്ദേഹം ആരോപിച്ചു

വെബ് ഡെസ്ക്

തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകനുമായ കെ ചന്ദ്രശേഖർ റാവു എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പലതവണ കെസിആറും അദ്ദേഹത്തിന്റെ പാർട്ടിയും എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതായും താൻ അത് നിരസിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാനയില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് കെസിആറിനെതിരെ നരേന്ദ്ര മോദി ആരോപണമുന്നയിച്ചത്. എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ നിരസിച്ചത് കെസിആറിനെ പ്രകോപിതനാക്കിയെന്നും അദ്ദേഹം പറഞ്ഞു.

"കെസിആറും അദ്ദേഹത്തിന്റെ പാർട്ടിയും പലതവണ എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഞാൻ അത് വ്യക്തിപരമായി ഇടപെട്ട് തടയുകയായിരുന്നു. ഞങ്ങൾ തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കില്ലെന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ അതിന് ശേഷം, അദ്ദേഹത്തിന്റെ പെരുമാറ്റം മാറി, കൂടുതൽ രോഷാകുലനാകുകയായിരുന്നു" പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാ പദവികളും കെടിആറിന് നല്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്ന് കെസിആർ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി ആരോപിച്ചു

വളരെ നാടകീയമായ രീതിയിലാണ് പ്രചാരണത്തിനിടെ പ്രധാമന്ത്രി ജനങ്ങളോട് സംസാരിച്ചത്. ഞാൻ നിങ്ങളോടൊരു രഹസ്യം പറയാൻ പോകുകയാണെന്ന് പറഞ്ഞാണ് മോദി തുടങ്ങിയത്. "2020 ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബിജെപിക്ക് അന്ന് 48 സീറ്റുകൾ ലഭിച്ചു. കെസിആറിന് അന്ന് ഞങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. സ്നേഹാദരവോടെ അദ്ദേഹം എന്നെ സമീപിച്ചു. സമ്മാനമായി ഒരു ഷാളും നൽകി. അതിനുശേഷം അദ്ദേഹത്തെ എൻഡിഎ സഖ്യത്തിന്റെ ഭാഗമാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞാൻ അത് നിരസിക്കുകയായിരുന്നു." മോദി വ്യക്തമാക്കി. കെസിആറിനെതിരെ അഴിമതിയും സ്വജനപക്ഷാപാദവും പ്രധാനമന്ത്രി ആരോപിച്ചു.

"2020 ലെ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. 150 വാർഡുകളിൽ 56 ഇടത്ത് മാത്രമാണ് കെസിആറിന്റെ പാർട്ടി വിജയിച്ചത്. 99 ൽ നിന്നാണ് അവർ താഴേക്ക് പോയതെന്ന് ഓർക്കണം. ബിആർഎസിന്റെ നഷ്ടം, ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. നാലിൽ നിന്ന് 48 ലേക്കുള്ള വലിയ നേട്ടമാണ് ബിജെപി ഹൈദരാബാദിൽ നേടിയത്. എന്നാൽ, 44 സീറ്റുകൾ നേടിയ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെ, ബിആർഎസ് സർക്കാർ രൂപീകരിച്ചു. രണ്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. എന്നാൽ, അദ്ദേഹം വീണ്ടും എന്റെയടുത്തുവന്നു. എല്ലാ പദവികളും കെടിആറിന് നല്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായി കെസിആർ പറഞ്ഞു. കെ ടി രാമറാവുവിനെ എന്റടുത്തേക്ക് അയക്കുമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും കെസിആർ ആവശ്യപ്പെട്ടു." പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയിൽ ജനാധിപത്യമാണെന്നും താനൊരു രാജാവാണെന്നാണോ വിചാരമെന്ന് കെസിആറിനോട് ചോദിച്ചതായി മോദി പറഞ്ഞു. പിന്നീട് അദ്ദേഹം തനിക്ക് മുഖം തന്നിട്ടില്ലെന്നുമാണ് കെ സി ആറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം