INDIA

ബൊമ്മനെയും ബെല്ലിയെയും കണ്ട് പ്രധാനമന്ത്രി; കൂടിക്കാഴ്ച തെപ്പക്കാട് ആന ക്യാമ്പില്‍

ദ ഫോർത്ത് - ബെംഗളൂരു

മുതുമലൈ ആന സങ്കേതത്തിലെ 'ഓസ്‌കര്‍ താരങ്ങളെ' കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ദ എലിഫന്റ് വിസ്പറേഴ്സിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന ആനരക്ഷകനായ ബൊമ്മനും ബെല്ലിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മുതുമലയിലെ അതേ ആന ക്യാമ്പിലെത്തിയാണ് പ്രധാനമന്ത്രി ഇരുവരെയും കണ്ടത്.

പരുക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടു പോയ രഘു എന്ന കുട്ടിയാനയെ ബെല്ലിയും ബൊമ്മനും ചേര്‍ന്ന് സ്‌നേഹപൂര്‍വം പരിചരിച്ച കഥയായിരുന്നു ദ എലിഫന്റ് വിസ്പറേഴ്സിലൂടെ ലോകത്തിനു മുന്നില്‍ മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയായത്.

തെപ്പക്കാട് ആന സങ്കേതത്തിലെ ആനകളോടൊപ്പമായിരുന്നു മൂവരും തമ്മിലുള്ള കൂടിക്കാഴ്ച. ആനയ്ക്ക് കരിമ്പ് നല്‍കിയും ആനവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രധാനമന്ത്രി ഇരുവര്‍ക്കുമൊപ്പം അര മണിക്കൂറോളം ചെലവഴിച്ചു. ആനകളെ ഊട്ടിയും തലോടിയും ഫോട്ടോകള്‍ക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്.

' ബൊമ്മനെയും ബെല്ലിയെയും രഘുവിനും ബൊമ്മിക്കുമൊപ്പം കണ്ടതില്‍ ഏറെ സന്തോഷം' എന്ന് കുറിച്ച് മോദി ചിത്രങ്ങള്‍ പങ്കുവച്ചതോടെ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമായി. ഇരുവരോടുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്.

മികച്ച ഡോക്യൂമെന്ററി ഷോര്‍ട്ട് വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ചിത്രമാണ് ദി എലിഫന്റ് വിസ്പറേഴ്‌സ്. മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം കാര്‍ത്തികി ഗോണ്‍സാലസ് ആയിരുന്നു സംവിധാനം ചെയ്തത്. തെപ്പക്കാട് ആന സങ്കേതത്തില്‍ തന്നെയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.

രാവിലെ ബന്ദിപ്പൂര്‍ വനത്തില്‍15 കിലോമീറ്ററോളം ജംഗിള്‍ സഫാരി ചെയ്ത ശേഷമായിരുന്നു തമിഴ്നാടിന്റെ ഭാഗമായ മുതുമല തെപ്പക്കാട് ആന സങ്കേതത്തില്‍ പ്രധാനമന്ത്രി എത്തിയത്

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്