ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും വാക്കുകള്‍ ഉദ്ധരിച്ച് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ 'എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെ ജനപ്രതിനിധികളെ പ്രചോദിപ്പിക്കും എന്ന പരാമര്‍ശത്തോടെയായിരുന്നു പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മോദി സംസാരിച്ചത്.
എട്ട് പതിറ്റാണ്ടുകള്‍ നീണ്ട പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പാരമ്പര്യം ഓര്‍മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും ഉദ്ധരിച്ച മോദി ''ഈ സഭയില്‍ സര്‍ക്കാരുകള്‍ വരും പോകും, ഈ രാജ്യം നിലനില്‍ക്കുമെന്നും' പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഉദ്ഘാടന പ്രസംഗത്തിൽ, ആർട്ടിക്കിൾ 370, ജിഎസ്ടി, വൺ റാങ്ക് - വൺ പെൻഷൻ അടക്കമുളള ബില്ലുകളിൽ കേന്ദ്ര സർക്കാരിന്റെ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്രമോദി പരമാർശിച്ചു. സർക്കാരിന്റെ തീരുമാനങ്ങളെ ചരിത്രപരമെന്നാണ് മോദി വിശേപ്പിച്ചത്. 2001ലെ പാർലമെന്റ് ആക്രമണം ഉൾപ്പെടെയുളള കാര്യങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുളളതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് സാധ്യമാക്കിയതിനെ സഭ എപ്പോഴും അഭിമാനത്തോടെ പറയും. ജിഎസ്ടി, ഒരു റാങ്ക്-ഒരു പെൻഷനും എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം തർക്കമില്ലാതെ ആദ്യമായി അനുവദിക്കാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
2001 ലെ പാർലമെന്റിന് നേരെയുളള ആക്രമണം ഒരു കെട്ടിടത്തിന് നേരെയുള്ള ആക്രമണമല്ലെന്നും അത് ഒരു തരത്തിൽ 'ജനാധിപത്യത്തിന്റെ മാതാവിന്' നേരെയുള്ള ആക്രമണമാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന് ഒരിക്കലും ആ സംഭവം മറക്കാൻ കഴിയില്ലെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ പഴയ കെട്ടിടം വിടുന്നത് ഒരു വികാരനിർഭരമായ നിമിഷമാണെന്നും അത് തലമുറകളെ പ്രചോദിപ്പിക്കും എന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് പാർലമെന്റ് വളപ്പിൽ തന്റെ പ്രസിദ്ധമായ സ്‌ട്രോക്ക് ഓഫ് മിഡ്നൈറ്റ് ഔർ എന്ന പ്രംസംഗം നടത്തിയതെങ്ങനെയെന്നും അദ്ദേഹം പരമാർശിച്ചു. പാർലമെന്റിന് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത് വിദേശ ഭരണാധികാരികളാണെന്നും എന്നാൽ, നിർമ്മാണത്തിനായി ചെലവഴിച്ച അധ്വാനവും പണവും നമ്മുടെ ജനങ്ങളുടെതാണെന്നത് നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അത് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ -3 ന്റെയും ജി 20 ഉച്ചകോടിയുടെയും വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. ചാന്ദ്രദൗത്യത്തിന്റെ വിജയം രാജ്യത്തെ 140 കോടി ജനങ്ങൾക്കുള്ളതാണെന്നും ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യ - യുക്രെയ്ൻ വിഷയത്തിൽ ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സഭാ നടപടികളിൽ വനിതാ എംപിമാരുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യവും സംഭാവനയും മോദി പ്രസംഗത്തിനിടെ പരാമർശിച്ചു. 600 ഓളം വനിതാ എംപിമാർ ഇരുസഭകളുടെയും അന്തസ്സ് വർധിപ്പിച്ചുവെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വനിതാ സംവരണം സംബന്ധിച്ച ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാർ പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് സഭകളിലെ വനിതാ സാന്നിധ്യത്തെക്കുറിച്ചുളള മോദിയുടെ പരാമർശം. പാർലമെന്റിന്റെ ഏറ്റവും വലിയ നേട്ടം ഇതിനോടുളള ആളുകളുടെ വർദ്ധിച്ചുവരുന്ന വിശ്വാസമാണെന്ന് പറഞ്ഞ മോദി പാർലമെന്റിന്റെ പഴയ കെട്ടിടത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ എംപിമാരോട് ആവശ്യപ്പെട്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 6.30ന് കേന്ദ്രമന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുണ്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യോഗത്തിന്റെ അജണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ബില്ലുകൾ ചർച്ച ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബർ 18 നും 22 നും ഇടയിലാണ് പാർലമെന്റ് പ്രത്യേക സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ എട്ട് ബില്ലുകൾ ചർച്ച ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
അഭിഭാഷകരുടെ (ഭേദഗതി) ബിൽ, 2023, ദി പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ആനുകാലിക ബിൽ, 2023, പോസ്റ്റ് ഓഫീസ് ബിൽ, 2023, ചീഫ് ഇലക്ഷൻ കമ്മീഷണറെയും (സിഇസി) ഇലക്ഷൻ കമ്മീഷണർമാരെയും (സിഇസി) നിയമിക്കുന്നതിനുള്ള ബിൽ, 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച ബില്ലും പട്ടികജാതി-പട്ടികവർഗ ഉത്തരവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളും ഉൾപ്പെടുന്നതാണിത്. വിനായക ചതുർഥി ദിനമായ സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരിക്കും പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറുക. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലും ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുനതുമായു ബന്ധപ്പെട്ടുളള പ്രമേയവുമാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കപ്പെടാൻ പോകുന്ന രണ്ട് വിഷയങ്ങൾ. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.