മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഒരിക്കലും ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടാകുന്ന ദിവസം പൊതുപ്രവർത്തനത്തിന് യോഗ്യനല്ലാതായി മാറുമെന്നും മോദി പറഞ്ഞു. യുപിയിലെ വാരാണസി ലോക്‌സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഏറെ വിവാദമായ പരാമർശങ്ങളിൽ പ്രധാനമന്ത്രി പ്രതികരിച്ചത്.
രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലിങ്ങളെ 'നുഴഞ്ഞുകയറ്റക്കാരെന്നും' 'കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ' എന്നൊക്കെ മോദി വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് "കൂടുതൽ കുട്ടികളുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിങ്ങളാണെന്ന് അനുമാനിക്കാൻ ആരാണ് നിങ്ങളോട് പറഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങൾ മുസ്ലിങ്ങളോട് ഇത്ര അനീതി കാണിക്കുന്നത്? പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. ദാരിദ്ര്യമുള്ളിടത്ത്, അവരുടെ സാമൂഹിക വലയം പരിഗണിക്കാതെ കൂടുതൽ കുട്ടികളുണ്ട്. ഞാൻ ഹിന്ദുവോ മുസ്ലിമോ എന്നൊന്നും പറഞ്ഞില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാകരുത്,” എന്നായിരുന്നു മോദിയുടെ മറുപടി.
തനിക്ക് മുസ്ലീങ്ങളോടുള്ള സ്നേഹം വിപണനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതിലാണ് വിശ്വസിക്കുന്നതെന്നും മാധ്യമസ്ഥാപനത്തിന് കൊടുത്ത അഭിമുഖത്തിൽ മോദി പറഞ്ഞു. 2002-ന് ശേഷം മുസ്ലിങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിച്ചുവെന്നും മോദി പറഞ്ഞു.
തന്റെ വീടിനു ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ടായിരുന്നവെന്നും പെരുന്നാൾ ആഘോഷിച്ചിരുന്നുവെന്നുമൊക്കെ മോദി അഭിമുഖത്തിൽ പറഞ്ഞു. മറ്റുള്ള മുസ്ലിം വീടുകളിൽനിന്ന് ഭക്ഷണം കൊണ്ടുതരുമായിരുന്നു. തനിക്കിപ്പോഴും ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മോദിയുടെ ബൻസ്വാരയിലെ പരാമർശങ്ങളെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിൽ മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സ്വീകരിച്ചത്.