മൂന്നാം തവണയും ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അധികാരം ആസ്വദിക്കാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. കോടിക്കണക്കിന് സ്ത്രീകളുടേയും പാവപ്പെട്ടവരുടേയും യുവാക്കളുടേയും സ്വപ്നങ്ങള്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ മോദി പറഞ്ഞു. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാ പുതിയ വോട്ടർമാരിലേക്കും, ഓരോ സമുദായത്തിലേക്കും ബിജെപി എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസവും പിന്തുണയും നേടണമെന്നും മോദി നിർദേശിച്ചു.
പ്രതിപക്ഷത്തിനെ പരിഹസിച്ചും വിമർശിച്ചുമായിരുന്നു മോദി പ്രസംഗം തുടർന്നത്. ഞങ്ങള്‍ (എൻഡിഎ) ഉറപ്പുനല്‍കുന്ന വികസിത ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രാപ്തിപോലും ഇന്ന് പ്രതിപക്ഷത്തിനില്ല. തെറ്റായ അവകാശവാദങ്ങള്‍ മാത്രമാണ് അവർ ഉന്നയിക്കുന്നത്. വികസിത ഇന്ത്യ സാക്ഷാത്കരിക്കാന്‍ ബിജെപിക്ക് മാത്രമെ സാധിക്കു, മോദി വ്യക്തമാക്കി.
അഞ്ച് വർഷം മുന്‍പ് റഫാല്‍ ജെറ്റ് വ്യോമസേനയ്ക്ക് ലഭിക്കുന്നത് തടയാന്‍ അവർ കഠിനമായി പരിശ്രമിച്ചു. നമ്മുടെ സുരക്ഷാ സേനയുടെ സർജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് അവർ ചോദ്യങ്ങള്‍ ഉന്നയിച്ചു. സർജിക്കല്‍ സ്ട്രൈക്ക് നടന്നപ്പോള്‍ തെളിവ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് മോദിക്കെദിരെ ആരോപണം ഉന്നയിക്കാനും വ്യക്തിപരമായി ആക്രമിക്കാനുമാണ് ആവശ്യപ്പെടുന്നത്. മറ്റൊരു ഗ്രൂപ്പ് മോദിയെ വെറുത്താല്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്ന് പറയുന്നു, പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ബിജെപിയുടെ മാർഗരേഖയെക്കുറിച്ചും മോദി പ്രസംഗത്തില്‍ പരാമർശിച്ചു. 2029 യൂത്ത് ഒളിമ്പിക്സിനായി ഇന്ത്യ തയാറെടുക്കുകയാണ്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യം. 2020 ഓടെ റെയില്‍വെ കാർബണ്‍ രഹിതമാക്കുക എന്നതാണ് ലക്ഷ്യം. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. എണ്ണയും വളങ്ങളുമൊന്നും ഇറക്കുമതി ചെയ്യേണ്ടാത്ത ഒരു സാഹചര്യത്തിലേക്ക് നീങ്ങുക എന്നതാണ് ലക്ഷ്യം. പാം ഓയില്‍ ദൗത്യം കർഷകരെ ശാക്തീകരിക്കും, അവർക്ക് രാജ്യത്തിന്റെ പണം ലാഭിക്കാനാകും, മോദി കൂട്ടിച്ചേർത്തു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകളില്‍ അധികം നേടി അധികാരത്തില്‍ വരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അവകാശപ്പെട്ടു.