അധികാരകൈമാറ്റത്തെ പ്രതിനിധീകരിച്ച് ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ച ചെങ്കോൽ പുതിയ പാര്ലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മന്ദിരം ഉദ്‌ഘാടനം ചെയ്യുമെന്നുമദ്ദേഹം അറിയിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വർഷം പൂർത്തിയാകുന്ന വേളയിലെ വാർത്താസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ചെങ്കോൽ. ചോള രാജവംശത്തിന്റെ കാലം മുതൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇത് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം അന്നും ഇന്നും വ്യക്തമാണ്. അന്ന് ജവാഹർലാൽ നെഹ്‌റുവിന് തോന്നിയ വികാരമാണ് ചെങ്കോൽ പ്രതിനിധീകരിക്കുന്നത്അമിത്ഷാ
19 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്ഘാടകൻ പ്രധാനമന്ത്രി തന്നെയെന്ന് സർക്കാർ വ്യക്തമാക്കിയത്. "പുതിയ പാർലമെന്റ് മന്ദിരം റെക്കോർഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. അത് നിർമിച്ച 60,000 തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കും. പുതിയ പാർലമെന്റ് മന്ദിരം കാണിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തെയാണ്. " അമിത് ഷാ പറഞ്ഞു. പാർലമെന്റ് ഉദ്‌ഘാടനത്തിൽ രാഷ്ട്രപതിയെ അവഗണിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും. വിഷയത്തിൽ നാളെ ബിആർഎസ് നിലപാട് വ്യക്തമാക്കും.
നിലവിൽ അലഹബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള ചെങ്കോൽ സ്പീക്കറുടെ സീറ്റിന് സമീപമാണ് സ്ഥാപിക്കുക. " രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ചെങ്കോൽ. ചോള രാജവംശത്തിന്റെ കാലം മുതൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇത് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം അന്നും ഇന്നും വ്യക്തമാണ്. അന്ന് ജവാഹർലാൽ നെഹ്‌റുവിന് തോന്നിയ വികാരമാണ് ചെങ്കോൽ പ്രതിനിധീകരിക്കുന്നത് " അമിത് ഷാ പറഞ്ഞു.
അധികാര കൈമാറ്റം കേവലം ഹസ്തദാനമോ രേഖയിൽ ഒപ്പിടലോ അല്ലെന്നും ആധുനിക ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രാദേശിക പാരമ്പര്യങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള ക്ഷണങ്ങൾ അവരുടെ വിവേകത്തിനനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അയച്ചിട്ടുണ്ട്. നിലവിലുള്ള മന്ദിരം ബ്രിട്ടീഷുകാർ പണിതതാണ്. ഇപ്പോൾ ഇന്ത്യ പുതിയ മന്ദിരം പണിതിരിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് നമ്മൾ പുതിയ കാലത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതൽ ചിഹ്നങ്ങൾ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടാകും. അമിത്ഷാ കൂട്ടിച്ചേർത്തു.