സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതില്‍ ആശങ്കയും വിമർശനവും പ്രകടമാക്കി അഭിഭാഷക സമൂഹവും പ്രതിപക്ഷ പാർട്ടികളും. ജൂഡീഷ്യറിയുടെ സുതാര്യതെയെ ചോദ്യം ചെയ്യുന്ന സംഭവമെന്നാണ് പ്രധാന വിമർശനം. ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയിൽ ബുധനാഴ്ച നടന്ന ചടങ്ങിലേക്കു പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചാണു പ്രധാനമന്ത്രിയെത്തിയത്.
മോദിയെ സ്വന്തം വസതിയില്‍ സ്വകാര്യ ചടങ്ങിന് ചീഫ് ജസ്റ്റിസ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
"പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനയ്ക്കു പരിധിക്കുള്ളില്‍നിന്ന് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമായ ജുഡീഷ്യറി ഇവിടെ സമൂഹത്തിന് കൈമാറുന്നത് മോശം സന്ദേശമാണ്. അതുകൊണ്ടാണ് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ കൃത്യമായ വേർതിരിവുള്ളത്," പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
കേന്ദ്രത്തിനെതിരായ കേസുകള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി സന്ദർശനം നടത്തിയെന്നതാണ് പ്രധാന പ്രശ്നമെന്ന് സുപ്രീംകോടതി അഭിഭാഷകനായ എംആർ അഭിലാഷ് ദ ഫോർത്തിനോട് വ്യക്തമാക്കി.
"വ്യക്തിപരമായ ബന്ധങ്ങള്‍ വെച്ചുപുലർത്തുന്നത് 1997ലെ പെരുമാറ്റച്ചട്ടത്തിന്റെ (Restatement of Values of Judicial Life) ലംഘനമാണ്. ജഡ്ജിമാർ അധികാര സ്ഥാനത്തുള്ളവരുമായി ബന്ധം പുലർത്തുമ്പോള്‍ അത് സർക്കാരിനെതിരെ നിലപാടെടുക്കാൻ പ്രപ്തമായിട്ടുള്ള കോടതിയുടെ നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കുറയ്ക്കും," എംആർ അഭിലാഷ് കൂട്ടിച്ചേർത്തു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള അധികാരവിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തതായി അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രമായുള്ള പ്രവർത്തനത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടമായി. സുപ്രീംകോടതി ബാർ അസോസിയേഷൻ ഇതിനെ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവർത്തനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ശിവസേന (യുടിബി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ ഭാഗമായൊരു കേസ് സുപ്രീം കോടതിയുടെ മുന്നിലുള്ള സാഹചര്യവും ചൂണ്ടിക്കാണിച്ചായിരുന്നു സഞ്ജയ് റാവത്തിന്റെ വാക്കുകള്‍.
"പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ചടങ്ങുകളുടെ ഭാഗമായി. ഭരണഘടനയുടെ സംരക്ഷകർ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അത് സംശയങ്ങള്‍ക്കിടയാക്കും. മഹാരാഷ്ട്രയിലെ ഞങ്ങളുടെ കേസ് സുപ്രീംകോടതിയുടെ മുന്നിലുണ്ട്. നിലവിലത്തെ മഹാരാഷ്ട്ര സർക്കാരും കേസിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ട്. ഈ കേസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ആലോചിക്കണം," സഞ്ജയ് റാവത്ത് പറഞ്ഞു.