സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങിലാണ് മൂന്ന് വന്‍കിട വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം.
കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച പ്രധാന പദ്ധതികള്‍.
എല്ലാ കേരളീയര്‍ക്കും നല്ല നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഗുരുവായൂരപ്പനെ ദര്‍ശിച്ച ശേഷമാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. തൃപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. കേരളീയരുടെ കലാ പാരമ്പര്യവും ആധ്യാത്മിക പാരമ്പര്യവും വൈവിധ്യം നിറഞ്ഞാതാണെന്നും പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.
കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍ കേരളത്തില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ മുഖ്യമന്ത്രി വികസന പദ്ധതികളില്‍ കേരളം മുന്നോട്ടുവച്ചത് പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണ് എന്നും വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതികളില്‍ കേരളത്തിലെ പൊതുമേഖല സ്ഥാനപങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ല. മെയ്ക്ക് ഇന്‍ ഇന്ത്യയിലെ മെയ്ഡ് ഇന്‍ കേരള പങ്കാളിത്തം വിസ്മരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രി പദ്ധതികള്‍ വിവരിച്ചത്.
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ആദ്യ പരിപാടി. ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ചടങ്ങില്‍ പങ്കാളിയായത്. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം മോദി തൃപ്പയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ മീനൂട്ട് നടത്തിയ മോദി വേദാര്‍ച്ചനയിലും പങ്കെടുത്ത ശേഷമായിരുന്നു കൊച്ചിയിലേക്ക് തിരിച്ചത്.