കര്‍ണാടകയിലെ ഹുബ്ബാലിയില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കര്‍ണാടക സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ആയി ഹുബ്ബാലി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി 20.1കോടി രൂപ മുതല്‍മുടക്കിലാണ് കര്‍ണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷനിലെ ഈ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ ഒരു പ്രധാന ജംഗ്ഷനായ ഹുബ്ബാലി ബെംഗുളുരു(ദാവന്‍ഗരെ സൈഡ്), ഹോസപേട്ട(ഗസാഡ് സൈഡ്), വാസ്‌കോ-ഡ-ഗാമ/ ബെലഗാവി (ലോണ്ട സൈഡ്) എന്നിവയെ ബന്ധിപ്പിക്കുന്നു.
1507 മീറ്ററുള്ള പ്ലാറ്റ്‌ഫോം നമ്പര്‍ 8 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പ്ലാറ്റ്‌ഫോം എന്ന ബഹുമതിയുമുണ്ട്
നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ അഞ്ച് പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ മൂന്ന് പ്ലാറ്റ്ഫോമുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. 1507 മീറ്ററുള്ള പ്ലാറ്റ്‌ഫോം നമ്പര്‍ 8 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പ്ലാറ്റ്‌ഫോം എന്ന ബഹുമതിയുമുണ്ട്. അവിടെ നിന്ന് ഒരേ സമയം ഇലക്ട്രിക് എഞ്ചിനുള്ള രണ്ട് ട്രെയിനുകള്‍ പുറപ്പെടും. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഹുബ്ബാലി-ധര്‍വാഡ് മേഖലയിലെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാര്‍ഡിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതുവഴി രണ്ട് മേഖലകളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം സുഗമമാകും.
118 കിലോമീറ്റര്‍ നീളമുള്ള ബെംഗുളുരു-മൈസൂര്‍ അതിവേഗ പാതയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
1,366.33 മീറ്ററുള്ള ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂർ പ്ലാറ്റ്ഫോം ലോകത്തിലെ നീളമുള്ള പ്ലാറ്റ്ഫോമുകളില്‍ രണ്ടാമത്തേതും 1180.5 മീറ്ററുള്ള കൊല്ലം ജംഗ്ഷന്‍ മൂന്നാമത്തേതുമാണ്. ഇതിനിടെ 118 കിലോമീറ്റര്‍ നീളമുള്ള ബെംഗുളുരു-മൈസൂര്‍ അതിവേഗ പാതയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8,480 കോടി രൂപാ ചെലവില്‍ നിര്‍മിച്ച പുതിയ പാത നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിറ്റായി കുറയ്ക്കും. കൂടാതെ ബെംഗുളുരു-നിദാഘട്ട-മൈസൂര്‍ പാതയില്‍ എന്‍എച്ച് 275 നെ ആറുവരി പാതയാക്കി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.