INDIA

പിഎം ശ്രീയിൽ അംഗമായില്ല; മൂന്ന് സംസ്ഥാനങ്ങൾക്കുള്ള സ്‌കൂൾ ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രം, ശമ്പളം മുടങ്ങിയേക്കും

വെബ് ഡെസ്ക്

പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം-എസ്എച്ച്ആർഐ) പദ്ധതിയിൽ പങ്കെടുക്കാൻ എതിർപ്പ് പ്രകടിപ്പിച്ച മൂന്ന് സംസ്ഥാനങ്ങൾക്കുള്ള സർവ ശിക്ഷാ അഭിയാൻ ഫണ്ട് പിടിച്ചുവെച്ച് കേന്ദ്രം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ഫണ്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർത്തിയത്.

സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ 'മാതൃക' സ്ഥാപനങ്ങളാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. സ്‌കൂളുകളുടെ വികസനത്തിനുള്ള ചെലവിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് നിർദ്ദേശം.

എന്നാൽ വിദ്യാലയങ്ങളിൽ പിഎം-എസ്എച്ച്ആർഐ എന്ന ബോർഡ് വെയ്ക്കുകയും വേണം. ദേശീയ വിദ്യഭ്യാസ നയപ്രകരമുള്ള പദ്ധതിക്ക് കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കണം. നിലവിൽ തമിഴ്നാട് , കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ, ജനുവരി-മാർച്ച് പാദങ്ങളിലെ എസ്എസ്എ ഫണ്ടിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡുവും നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിലെ ആദ്യ ഗഡുവുമാണ് പിടിച്ചുവെച്ചിരിക്കുന്നത്. ഫണ്ടുകൾ റിലീസ് ചെയ്യാനായി വിദ്യഭ്യാസ മന്ത്രാലയത്തിന് സംസ്ഥാനങ്ങൾ നിരന്തരം കത്തുകൾ അയയ്ക്കുന്നുണ്ട്.

ഡൽഹിക്ക് 330 കോടിയും പഞ്ചാബിന് 515 കോടിയും പശ്ചിമബംഗാളിന് 1000 കോടിയുമാണ് കേന്ദ്രം നൽകാനുള്ളത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിയാണ് ഭരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ 'സ്‌കൂൾ ഓഫ് എമിനൻസ്' എന്ന പേരിൽ മാതൃകാപരമായ സ്‌കൂളുകൾക്കായി സമാനമായ പദ്ധതി നേരത്തെ നടപ്പിലാക്കിയിട്ടുണ്ടെന്ന് കാണിച്ചാണ് ഡൽഹിയും പഞ്ചാബും പുതിയ പദ്ധതിയിൽ ഒപ്പുവെയ്ക്കാത്തത്.

സംസ്ഥാനങ്ങൾ 40 ശതമാനം ചെലവ് വഹിച്ചിട്ടുണ്ട് സംസ്ഥാനത്തെ സ്‌കൂളുകൾക്കൊപ്പം 'PM-SHRI' എന്ന പേര് ചേർക്കണമെന്ന നിർദ്ദേശമാണ് പിന്തിരിയാനുള്ള കാരണം.

പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവും വിദ്യാഭ്യാസ സെക്രട്ടറി മനീഷ് ജെയിനും ഡൽഹി സർക്കാരും നിലവിൽ കെട്ടികിടക്കുന്ന എസ്എസ്എ ഫണ്ട് നൽകണമെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

2023 ജൂലൈ മുതൽ കേന്ദ്രവും പഞ്ചാബ് സർക്കാരും തമ്മിൽ അഞ്ചോളം കത്ത് ഇടപാടുകളാണ് നടന്നത്. പദ്ധതിയുടെ ഭാഗമാകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് എഴുതിയ കത്തും ഇതിൽ പെടും.

നേരത്തെ പദ്ധതിയിൽ അംഗമാകാൻ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ഏകപക്ഷീയമായി ഒഴിവാകുകയായിരുന്നു. സംസ്ഥാനം ഇതിനകം തന്നെ സ്വന്തം 'സ്‌കൂൾസ് ഓഫ് എമിനൻസ്', 'സ്‌കൂൾസ് ഓഫ് ബ്രില്ല്യൻസ്', 'സ്‌കൂൾ ഓഫ് ഹാപ്പിനസ്' എന്നിവ നടപ്പിലാക്കുന്നുണ്ടെന്ന് ചുണ്ടിക്കാട്ടിയായിരുന്നു ഇത്.

നിലവിൽ കേന്ദ്രം എസ്എസ്എ ഫണ്ട് നൽകാത്തത് കാരണം ശമ്പളം മുടങ്ങിയേക്കുമെന്നുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉന്നയിച്ചത്.

കേന്ദ്രം പുതിയ സ്‌കൂളുകൾ പോലും ഉണ്ടാക്കുന്നില്ല. നിലവിലുള്ള സ്‌കൂളുകൾ നവീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ എടുക്കുകയും വേണം. ബോർഡുകളിൽ PM-SHRI എന്ന് എഴുതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുക എന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?