INDIA

'പിഎംഎല്‍എ എത്ര കർക്കശമാണെങ്കിലും രോഗികള്‍ക്കും അവശർക്കും ജാമ്യം നല്‍കാം'; നിരീക്ഷണവുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമ (പിഎംഎല്‍എ) പ്രകാരം ജയിലില്‍ കഴിയുന്ന രോഗബാധിതരും അവശരുമായ പ്രതികള്‍ക്കു ജാമ്യം നല്‍കാമെന്ന് സുപ്രീംകോടതി. 2023 ജൂലൈയില്‍ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത സേവ വികാസ് കോപ്പറേറ്റീവ് ബാങ്കിന്റെ മുൻ ചെയർപേഴ്‌സണ്‍ അമർ സാധുറാം മൂല്‍ചന്ദനിക്ക് ഇടക്കാല ജാമ്യം നല്‍കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം.

"പിഎംഎല്‍എ എത്രത്തോളം കർക്കശമാണെങ്കിലും ജഡ്ജിമാരെന്ന നിലയില്‍ നമുക്ക് നിയമത്തിന്റെ നാലുകോണില്‍നിന്ന് പ്രവർത്തിക്കേണ്ടതുണ്ട്. വ്യക്തികള്‍ രോഗബാധിതരോ അവശരോ ആണെങ്കില്‍ അവർക്കു ജാമ്യം നല്‍കണമെന്നാണ് നിയമം പറയുന്നത്. അസുഖബാധിതരാണെങ്കില്‍ ജാമ്യം നല്‍കണം," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പിഎംഎല്‍എയുടെ 45(1) വകുപ്പ് പ്രകാരം പ്രത്യേക കോടതിയുടെ നിർദേശമുണ്ടെങ്കില്‍ അസുഖബാധിതനോ അവശനോ ആയ വ്യക്തിക്ക് ജാമ്യം നല്‍കാമെന്നാണ്. മുംബൈയിലെ സർ ഗ്രാന്റ് മെഡിക്കല്‍ കോളേജിലെയും സർ ജെ ജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെയും മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോർട്ട് പ്രകാരം ഹർജിക്കാരൻ ജാമ്യത്തിന് അർഹനാണെന്നും ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

നേരത്തെ ബോംബെ ഹൈക്കോടതി ഓഗസ്റ്റ് ഒൻപതിന് മൂല്‍ചന്ദനിയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ശേഷമാണ് മൂല്‍ചന്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

ഒക്ടോബർ നാലിന് ഹർജിക്കാരന്റെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുംബൈയിലെ ആശുപത്രികളില്‍ പരിശോധന നടത്തിയത്. നാല് വിദഗ്ധരടങ്ങിയ സംഘമായിരുന്നു പരിശോധന നടത്തിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം