INDIA

തെലുഗു വിപ്ലവ കവി ഗദ്ദർ അന്തരിച്ചു

പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നൊമ്പരങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ വരികൾ

വെബ് ഡെസ്ക്

തെലുഗു വിപ്ലവകവിയും ഗായകനുമായ ഗദ്ദർ അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 74 വയസ്സായിരുന്നു.

ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ മൂലം ജൂലൈ 20 നാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് മൂന്നിന് ബൈപ്പാസ് സർജറിക്ക് വിധേയനായി. ഇതിനിടെ വൃക്ക സംബന്ധമായും ശ്വാസകോശസംബന്ധമായുമുണ്ടായിരുന്ന അസുഖങ്ങൾ മൂർച്ഛിച്ചതാണ് മരണത്തിന് കാരണമായത്.

ഗുമ്മാഡി വിറ്റൽ റാവു എന്നാണ് യഥാർഥ പേരെങ്കിലും ഗദ്ദർ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തെലുഗു സംസാരിക്കുന്നവരുടെ ആകെ വികാരമായിരുന്ന അദ്ദേഹം തെലുങ്കിനപ്പുറം മാനവികതയുടെ ഭാഷ നെഞ്ചേറ്റുന്നവർക്കും ആവേശമായി. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നൊമ്പരങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ വരികൾ. നാടൻ ശീലിൽ ഗദ്ദർ പാടിയ പാട്ടുകൾ, ജനഹൃദയങ്ങളിൽ വിപ്ലവത്തിന്റെ തീജ്വാല നിറച്ചു. പോരാട്ടം മറന്നാൽ നിങ്ങൾ വെറും അടിമകളാണെന്ന ഗദ്ദറിന്റെ ഓർമ്മപ്പെടുത്തൽ തലമുറകൾക്കുള്ളതാണ്.

1949 ൽ ദളിത് കുടുംബത്തിൽ ജനിച്ച ഗദ്ദർ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 1969 ലെ തെലങ്കാന പ്രക്ഷോഭത്തിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ പ്രക്ഷോഭത്തിന്റെ മുഖമുദ്രയായി. യൗവനകാലത്തിന്റെ വലിയപങ്കും ഒളിവ് ജീവിതം നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനായിരുന്ന ഗദ്ദറാണ് സംഘടനയുടെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലി രൂപീകരിച്ചത്.

അദ്യകാലത്ത് ചലച്ചിത്രമേഖലയില്‍ സജീവമായിരുന്നു. സംവിധായകന്‍ ബി നരസിംഹറാവുവിന് വേണ്ടിയാണ് ആദ്യമായി വരികളെഴുതുന്നത്. ഗദ്ദറിലെ 'ആപര റിക്ഷ'യായിരുന്നു ആദ്യഗാനം. പിന്നീട് ഗദ്ദര്‍ എന്ന പേര് അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. 1968 ലെ ശ്രീകാകുളം കര്‍ഷക മുന്നേറ്റമാണ് ഗദ്ദറിനെ രാഷ്ട്രീയത്തില്‍ സജീവമാക്കുന്നത്. സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഗദ്ദര്‍ നാടോടിപ്പാട്ടിനെ തന്‌റെ ആയുധമാക്കി.

1997 ൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഗദ്ദർ, നക്സലൈറ്റ് പ്രവർത്തനങ്ങളിൽ നിന്ന് പിന്നീട് മാറി നടന്നു. 2010 മുതൽ തന്നെ നക്സൽ മുന്നേറ്റങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും 2017ലാണ് എല്ലാവിധ ബന്ധവും വിച്ഛേദിക്കുന്നത്. പിൽക്കാലത്ത് അംബേദ്ക്കറിസ്റ്റായാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയത്. തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭം പുനരാരംഭിച്ചതോടെ അതിന് പിന്തുണയുമായി വീണ്ടും രംഗത്തെത്തി.

കോൺഗ്രസ് പരിപാടിയിൽ രാഹുൽ ഗാന്ധിയെ ചുംബിക്കുന്ന ഗദ്ദർ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിശ്വസിക്കാതിരുന്ന ഗദ്ദർ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ ഈ വർഷം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. വരുന്ന തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു തീരുമാനം. തെലങ്കാനയിലെ കോൺഗ്രസിന്റെ പരിപാടിയിൽ രാഹുൽ ഗാന്ധിയെ കണ്ട അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ മാറ്റം അവസാനനാളുകളിൽ വ്യക്തി ജീവിതത്തിലും പ്രകടമായിരുന്നു. ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനങ്ങൾ വലിയ വാർത്തയായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ