ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഫോട്ടോ, വീഡിയോ തെളിവുകളും. ആറ് വനിത ഗുസ്തിതാരങ്ങളുടെ പരാതിയിൽ നാലെണ്ണത്തിലും ഫോട്ടോ തെളിവുകളും മൂന്നെണ്ണത്തിൽ വീഡിയോ തെളിവുകളും പോലീസ് ഉൾപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ വനിത താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചടക്കമുള്ള വകുപ്പുകൾ ചേർത്ത 1500 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് ബ്രിജ് ഭൂഷണെതിരെ സമർപ്പിച്ചത്. ജൂൺ 22 നാണ് കേസിൽ വാദം കേൾക്കുക.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ ജൂലൈ 4 നാണ് കോടതി അടുത്ത വാദം കേൾക്കുക.
ആറ് ഗുസ്തി താരങ്ങളുടെ മൊഴികളും 80ഓളെ സാക്ഷികളുടെ മൊഴിയുമാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക തെളിവുകളായി ഫോട്ടോകൾക്കും വീഡിയോകൾക്കും പുറമെ ഫോൺ കോൾ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതികൾ സാധൂകരിക്കാൻ വേണ്ടിയാണ് ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചിട്ടുള്ളത്.
"ഓരോ പരാതിക്കാരനും നിരവധി സംഭവങ്ങൾ മൊഴിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആറ് പേരുടെ പരാതിയും വേർതിരിച്ചാണ് കുറ്റപത്രത്തിൽ കൊടുത്തിട്ടുള്ളത്. എല്ലാ സംഭവങ്ങളെയും സാധൂകരിക്കുന്ന സാക്ഷി മൊഴികളും ഫോട്ടോ, വീഡിയോ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. താരങ്ങൾ പങ്കെടുത്ത വിവിധ ടൂർണമെന്റുകളിൽ നിന്നും ഇവന്റുകളിൽ നിന്നും ശേഖരിച്ച, പ്രതിയും പരാതിക്കാരും ഉള്ള ചിത്രങ്ങളാണിത്"- ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
“മെഡൽദാന ചടങ്ങുകൾ, ഗ്രൂപ്പ് ഫോട്ടോകൾ, മറ്റ് ഇവന്റുകൾ എന്നിവയിൽ നിന്നുള്ള ഫോട്ടോകളാണ് അവ. ചിലത് ഗുസ്തിക്കാർ തന്നെ സമർപ്പിച്ചതാണ്, ബാക്കിയുള്ളവ മറ്റ് ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതാണ്. ഇനി, കുറ്റത്തിന്റെ സ്വഭാവവും ശിക്ഷയും തീരുമാനിക്കേണ്ടത് കോടതിയാണ്. പരാതികളുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകൾ ഞങ്ങൾ നൽകിയിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.
ഗുസ്തി താരങ്ങളിൽ ഒരാൾ ബ്രിജ് ഭൂഷൺ ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന പേരിൽ ടി ഷർട്ട് ഉയർത്തി നെഞ്ചിൽ കൈവെച്ചതായി ആരോപിച്ചിരുന്നു. ഒരു ടൂർണമെന്റിന് ശേഷം, ടീം ഫോട്ടോഗ്രാഫിനിടെ ശരീരത്തിൽ കൈവയ്ക്കുകയും എതിർത്തപ്പോൾ ബലമായി പിടിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. ഫോട്ടോ എടുക്കുമ്പോൾ ലൈംഗികമായി ഉപദ്രിവിച്ചുവെന്ന് മറ്റ് പരാതികളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂർണമെന്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ശേഖരിച്ചത്. ആരോപണം ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങൾ ഫോട്ടോ, വീഡിയോ, ഓഡിയോ തെളിവുകള്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ ആരോപണങ്ങൾ ശരിവച്ച 22 സാക്ഷികളിൽ 12-15 പേരും ഗുസ്തി താരങ്ങളാണ്. ബാക്കിയുള്ളവർ മുൻ ഗുസ്തിക്കാരും അല്ലെങ്കിൽ പരിശീലകർ, റഫറിമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവരും ഫെഡറേഷനുമായി ബന്ധപ്പെട്ടവരും ആണ്. 2012 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഭൂരിഭാഗം സംഭവങ്ങളും ഉണ്ടായിട്ടുള്ളത്. ഇക്കാലത്തെ ബ്രിജ് ഭൂഷന്റെ ഫോൺ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായവ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.