INDIA

'കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന് പദ്ധതിയിട്ടു'; എഫ്ഐആറില്‍ പ്രബീർ പുരകായസ്തയ്‌ക്കെതിരെ പലവിധ ആരോപണങ്ങൾ

കഴിഞ്ഞ ദിവസമാണ് പുരകായസ്തയെയും ന്യൂസ്‌ ക്ലിക്കിന്റെ എച്ച്ആർ മേധാവിയെയും യുഎപിഎ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്

വെബ് ഡെസ്ക്

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചുമത്തി ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ എഫ്ഐആർ. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യൻ ഭൂപടം സൃഷ്ടിക്കാൻ പ്രബീർ പുരകായസ്ത പദ്ധതിയിട്ടുവെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതൽ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറിൽ പ്രതിപാദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പുരകായസ്ഥയെയും ന്യൂസ്‌ക്ലിക്കിന്റെ എച്ച് ആർ മേധാവിയെയും യുഎപിഎ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവിൽ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡൽഹി സ്പെഷ്യൽ സെൽ ഇൻസ്‌പെക്ടറുടെ പരാതിയിൽ ഓഗസ്റ്റിലാണ് ന്യൂസ്‌ക്ലിക്ക് എഡിറ്റർക്കെതിരായ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യയുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും തകർക്കാൻ പുരകായസ്തയും അദ്ദേഹത്തിന്റെ കൂട്ടാളികളും ശ്രമിച്ചുവെന്ന് എഫ്ഐആറിൽ ആരോപണമുണ്ട്.

ഇന്ത്യയ്‌ക്കെതിരെ അതൃപ്തി ഉളവാക്കാനും ഐക്യത്തിന് ഭീഷണിയുയർത്താനും വേണ്ടി ഗൂഢാലോചന നടത്തി. അതിന്റെ ഭാഗമായി രാജ്യത്തോട് വിദ്വേഷമുള്ള ഇന്ത്യക്കാരുടെയും വിദേശ സ്ഥാപനങ്ങളും വിദേശ ഫണ്ടുകൾ സ്വീകരിച്ചു തുടങ്ങി വളരെ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് ഡൽഹി സ്പെഷ്യൽ സെൽ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. കശ്മീരിനെ ഒഴിവാക്കുകയും അരുണാചൽ പ്രദേശിനെ തർക്കമേഖലയായി അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള പുതിയ ഇന്ത്യൻ ഭൂപടം സൃഷ്ടിക്കാൻ പുരകായസ്ഥ ശ്രമം നടത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം.

'പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് 2018 മുതൽ കോടിക്കണക്കിന് രൂപയുടെ അനധികൃത ഫണ്ട് എത്തി. വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്‌സ്, അമേരിക്ക എന്നിവിടങ്ങളിൽനിന്നാണ് ഈ ഫണ്ടുകൾ ഇങ്ങോട്ടേക്കെത്തിയത്. ഇതിനെല്ലാം പിന്നിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഭിന്നത സൃഷ്ടിക്കാനുള്ള വലിയ ഗൂഢാലോചനയുണ്ട്. കുറ്റാരോപിതരായവരുടെ 4.27 ലക്ഷം ഇമെയിലുകൾ പരിശോധിച്ചതിൽനിന്ന് എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരുന്നതായി മനസിലാക്കാൻ സാധിച്ചു' എഫ് ഐ ആർ ആരോപിക്കുന്നു.

ന്യൂസ്‌ക്ലിക്കിലെ മുൻ മാധ്യമപ്രവർത്തനായിരുന്ന ഗൗതം നവ്‌ലാഖയുമായി പ്രബീറിനുള്ള ബന്ധത്തെയും എഫ് ഐ ആറിൽ എടുത്തുപറയുന്നു. നവ്‌ലാഖ ഇന്ത്യയ്‌ക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും നക്സൽ പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നുവെന്നും എഫ് ഐ ആർ പറയുന്നു. ന്യൂസ്‌ക്ലിക്ക് കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്തത് സമരം നീട്ടിക്കൊണ്ടുപോയി രാജ്യത്തെ പൊതുസ്വത്ത് നശിപ്പിക്കാനും വിതരണ ശൃംഖല തകർക്കാൻ ആണെന്നും എഫ് ഐ ആർ അവകാശപ്പെടുന്നു. കൂടാതെ സർക്കാർ കോവിഡ് 19 കൈകാര്യം ചെയ്ത രീതികളെ മോശമായി ചിത്രീകരിക്കാൻ കള്ളക്കഥകൾ പ്രചരിപ്പിച്ചുവെന്നും പോലീസ് ആരോപിക്കുന്നു.

അതേസമയം, പോലീസിന്റെ ആരോപണങ്ങൾ കള്ളമാണെന്നും ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിച്ചിട്ടില്ലെന്നും ന്യൂസ്‌ ക്ലിക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെയോ അധികൃതരുടെയോ നിർദ്ദേശപ്രകാരം വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. നിലവിൽ ന്യൂസ്‌ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസ്‌ പൂട്ടി സീൽ വച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ