ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഹപ്രവർത്തകൻ ഉൾപ്പെടെ നാല് പേരെ വെടിവച്ചുകൊന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ചേതൻ സിങ്ങിന് മാനസിക അസ്വാസ്ഥ്യമായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. വർഗീയവിദ്വേഷം നിറഞ്ഞ പരാമർശം വ്യക്തമായി കാണിക്കുന്ന വീഡിയോകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. വീഡിയോയിൽ, പാക്കിസ്താനെക്കുറിച്ച് സംസാരിക്കുന്നതും ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിയും യോഗിയും മാത്രമാണ് മുന്നിലുള്ള വഴിയെന്ന് പറയുന്നതും കേൾക്കാം.
ജൂലൈ 31നായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്റെ മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയെയും മുസ്ലിം വിഭാഗത്തിൽ പെട്ട മൂന്ന് യാത്രികരെയും പ്രകോപനമേതുമില്ലാതെ ചേതൻ സിങ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഐപിസി സെക്ഷൻ 302, പ്രകാരം പോലീസ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഐപിസിയിലെ 153 എ, 153 ബി, 295 എ, 505 എന്നിവ പോലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും സാമുദായികമായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചും എഫ്‌ഐആറിൽ പരാമർശമില്ല.
മറിച്ച് പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പോലീസ് കോടതിയിൽ പറഞ്ഞത്. ടിക്കാറാം മീണയുമായി അഭിപ്രായവ്യത്യാസമുണ്ടായ ചേതൻ, സഹപ്രവർത്തകന്റെ കൈയിലുള്ള റൈഫിൾ ഉപയോഗിച്ചാണ് ട്രെയിനിന്റെ ബി5 ബോഗിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥനെയും മറ്റൊരു യാത്രികനെയും വെടിവച്ചത്. പിന്നീട് അഞ്ചുബോഗികൾക്കപ്പുറമുള്ള പാൻട്രി കാറിലും അവിടെ നിന്ന് മൂന്നുബോഗി അപ്പുറമുള്ള സ്ലീപ്പർ കോച്ചിലുമെത്തി രണ്ടുപേരെ കൂടി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ചേതൻ സിങ്ങിന്റേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ചേതൻ സിങ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നതും ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് പറയുന്നതും വ്യക്തമായി കേൾക്കാം. എന്നാൽ റിമാൻഡ് റിപ്പോർട്ടിൽ ഇതേക്കുറിച്ച് പരാമർശമില്ലെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം അതീവസുരക്ഷ ക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് ചേതൻ സിങ്ങിനെ കോടതിയിൽ ഹാജരാക്കിയയത്. മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ കോടതിമുറിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ പ്രതി ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ച സാഹചര്യത്തിൽ ഇയാളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന് സമീപം വച്ചാണ് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ വെടിവയ്പ്പുണ്ടായത്. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തനിക്ക് സുഖമില്ലെന്ന് ചേതൻ സിങ് സഹപ്രവർത്തകരോട് പറഞ്ഞതായാണ് വിവരം. ജോലി നേരത്തെ നിർത്തി അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ചേതന്‍ അനുവാദം തേടിയിരുന്നുവെങ്കിലും ഡ്യൂട്ടി കഴിയുന്നതുവരെ നിൽക്കാൻ എഎസ്ഐ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ചേതൻ സിങ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ദേഷ്യം കാണിക്കുകയും ചെയ്തിരുന്നതായി ചേതൻ സിങിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സംഭവത്തിലെ സാക്ഷി കൂടിയായ ഗനശ്യാം ആചാര്യ പറഞ്ഞു.
മരിച്ചവരില്‍ അബ്ദുൾ ഖാദിർഭായ് മുഹമ്മദ് ഹുസൈൻ ഭാൻപൂർവാല, അക്തർ അബ്ബാസ് അലി, സദർ മുഹമ്മദ് ഹുസൈൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം യാത്രക്കാര്‍ ട്രെയിനിന്റെ ചങ്ങല വലിച്ചപ്പോള്‍ മീര റോഡ് സ്റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തോക്കുമായി പിടിയിലായി.