INDIA

മഹാരാഷ്ട്രയിൽ വർകാരി തീര്‍ഥാടകര്‍ക്ക് നേരെ ലാത്തിച്ചാ‍ർജ്; മു​ഗളന്മാ‍ർ വീണ്ടും അവതരിച്ചെന്ന് ശിവസേന എംപി

ലാത്തിച്ചാർജുണ്ടായെന്ന ആരോപണം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിഷേധിച്ചു.

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലെ പന്ദർപുരിൽ വർകാരി തീർഥാടകർക്ക് നേരെ പോലീസിന്റെ ലാത്തിച്ചാർജ്. പുനെയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള അലണ്ടി ടൗണിലെ സന്ത് ജ്ഞാനേശ്വർ മഹാരാജ് സമാധി മന്ദിറിലേക്ക് തീർഥാടകർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ തീർഥാടകരും പോലീസും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും അത് ലാത്തിച്ചാർജിൽ കലാശിക്കുകയുമായിരുന്നു. അതേസമയം, ലാത്തിച്ചാർജുണ്ടായെന്ന ആരോപണം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിഷേധിച്ചു.

തിരക്ക് നിയന്ത്രിക്കാൻ നേരിയ ലാത്തിച്ചാർജ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.75 പേർക്ക് മാത്രമേ പരിസരത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ 400 ഓളം പേർ ക്ഷേത്രത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

വാർക്കാരി സമുദായത്തിന് നേരെ ലാത്തിച്ചാർജ് ഉണ്ടായിട്ടില്ലെന്ന് ഫഡ്‌നാവിസ് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടന്നത് ചെറിയ അടിപിടിയാണെന്നും ഫഡ്‍നാവിസ് പറഞ്ഞു. ''കഴിഞ്ഞ വർഷം വൻ തിക്കും തിരക്കുമായിരുന്നു ഉണ്ടായിരുന്നത്. ആ സാഹചര്യം ഒഴിവാക്കാനായി വിവിധ സമുദായങ്ങളിലെ ഭക്തർക്ക് പാസ് അനുവദിച്ചിരുന്നു. ഓരോ സംഘങ്ങൾക്കും 75 പേർക്കുള്ള പാസാണ് നൽകിയിരുന്നത്. എന്നാൽ അതിനു പകരം 500 ഓളം പേരാണ് എത്തിയത്. നിയന്ത്രണ സംവിധാനങ്ങൾ പാലിക്കാൻ അവർ തയാറായില്ല. അവർ ബാരിക്കേഡുകൾ തകർത്തു''- ഫ‍ഡ്‍നാവിസ് വിശദീകരിച്ചു. ഇവരെ തടയുകയാണ് പോലീസ് ചെയ്തതെന്നും ഫ‍ഡ്‍നാവിസ് കൂട്ടിച്ചേർത്തു.

അതേസമയം, സംഭവം സർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് ഇടയാക്കി. ഹിന്ദുത്വ സർക്കാരിന്റെ കപടമുഖം അഴിഞ്ഞുവീണു. മഹാരാഷ്ട്രയിൽ മുഗളന്മാർ വീണ്ടും അവതരിച്ചുവെന്നും മുതിർന്ന ശിവസേന എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

വാർക്കാരി വിഭാഗത്തെ അപമാനിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും വാർക്കാരി വിഭാഗത്തോട് സർക്കാരിന് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ എന്നും എൻസിപിയുടെ ചഗ്ഗൻ ഭുജ്ബൽ ചോദിച്ചു.

അലണ്ടിയിൽ നിന്ന് പന്ദർപൂരിലെ വിത്തൽ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് വാർക്കാരികൾ. ജൂൺ 11 മുതലാണ് പദയാത്ര ആരംഭിച്ചത്. ജൂണ്‍ 29ന് അഷാദി ഏകാദശി ദിവസം വർകാരികൾ പന്ദർപുരിൽ ഒന്നിച്ചുചേരും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം