INDIA

കന്നുകാലി കച്ചവടക്കാരായ മൂന്നു പേർ പാലത്തിൽനിന്ന് ചാടി മരിച്ചെന്ന് ഛത്തീസ്ഗഡ് പോലീസ്, ആൾക്കൂട്ട ആക്രമണം തള്ളി കുറ്റപത്രം

വെബ് ഡെസ്ക്

ഛത്തീസ്ഡഗഡിൽ കന്നുകാലി കച്ചവടക്കാരുടെ മരണത്തിൽ വിചിത്ര കുറ്റപത്രവുമായി പോലീസ്. മൂന്ന് യുവാക്കളുടെ മരണം ആൾക്കൂട്ട ആക്രമണത്തിലൂടെയല്ലെന്നും പാലത്തിന് മുകളിൽ നിന്നും ചാടിമരിച്ചതാണെന്നും കുറ്റപത്രം. പാലത്തില്‍ നിന്നും ചാടുന്നതിന് മുമ്പ് കുറ്റാരോപിതരായ അഞ്ച് പേരടങ്ങുന്ന കാറിലെ സംഘം യുവാക്കളുടെ വാഹനത്തെ 53 കിലോമീറ്ററോളം പിന്തുടര്‍ന്നിരുന്നെന്നും പോലീസ് റായ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂചിപ്പിച്ചു.

ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗുഡ്ഡു ഖാന്‍ (35), ചാന്ദ് മിയാ ഖാന്‍ (23), എന്നിവരാണ് ഒരു കാര്‍ പിന്തുടര്‍ന്നതിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. റായ്പൂരിലെ അര്‍ണാഗ് പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സദ്ദാം ഖുറേഷി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂണ്‍ 18ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആറങ് പ്രദേശത്തെ മഹാനദിക്കടുത്താണ് മൂവരെയും അപകടത്തില്‍പ്പെട്ട് കണ്ടത്. പാലത്തിന്റെ വശങ്ങളിലായി ഇവരുടെ വാഹനവും കന്നുകാലികളെയും കാണാമായിരുന്നു. പിന്നാലെ വകുപ്പ് 304, 307 (വധശ്രമം), 34 എന്നിവ ഉള്‍പ്പെടുത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഖുറേഷിയുടെ മരണത്തിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇദ്ദേഹത്തിന് മര്‍ദനം മൂലമുള്ള പരുക്കുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ പോലീസ് കേസില്‍ നിന്നും വധശ്രമക്കുറ്റം നീക്കം ചെയ്തു. തുടര്‍ന്ന് എഎസ്പി കിര്‍തന്‍ റഥോറിന്റെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക ടീമിനെ പോലീസ് തയ്യാറാക്കി. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും ഐപിസി 304ാം വകുപ്പ് പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

''കന്നുകാലികളെ കടത്തുന്ന വാഹനത്തെക്കുറിച്ച് അഞ്ച് പ്രതികള്‍ക്കും വിവരം ലഭിക്കുന്നു. മൂന്ന് കാറുകളിലായി വന്ന പ്രതികള്‍ ട്രക്കിനെ പിന്തുടരുകയും ഗ്ലാസിന്റെ കഷണങ്ങളും ഇരുമ്പ് സ്‌പൈക്കുകളും കൊണ്ട് വാഹനത്തിന് നേരെ എറിഞ്ഞ് വാഹനം നിര്‍ത്തിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി 14 കിലോമീറ്ററോളം ട്രക്ക് ഡ്രൈവറും വാഹനം തെറ്റായ വശത്തിലൂടെ ഓടിച്ചു. ഒടുവില്‍ ട്രക്കിന്റെ ഒരു ടയറിന് കേടുപാട് സംഭവിച്ചതോടെ മഹാനദി പുഴയ്ക്ക് മുകളിലുള്ള പാലത്തിന്റെ വശത്ത് ട്രക്ക് നിര്‍ത്തുകയായിരുന്നു. പേടി കാരണം മൂന്ന് പേരും രക്ഷപ്പെടാമെന്ന് കരുതി പാലത്തിന് മുകളില്‍ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു.

ചന്ദ്ഖാന്‍ സംഭവ സ്ഥലത്തും ഗുഡ്ഡു ഖാന്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഐപിസി 304ാം വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റത്തിന് കീഴിലാണ് പ്രതികളുടെ പ്രവര്‍ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം സംഭവത്തിന് പിന്നാലെ ചന്ദ് ഖാന്റെയും ഖുറേഷിയുടെയും ബന്ധുവായ ഷുഹെബ് ഖാന്‍ മൂന്ന് പേരെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി നല്‍കിയത്. ചാന്ദ് ഖാന്‍ തന്നെ വിളിച്ചെന്നും ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?