INDIA

തമിഴ്നാട്ടില്‍ നരബലിയെന്ന് സംശയം; മൂന്ന് ദിവസം വീട് അടച്ചിട്ട് ആഭിചാരക്രിയ; ആറ് പേർ അറസ്റ്റില്‍

വെബ് ഡെസ്ക്

തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് പരാതി. ദസറാപേട്ടിലുള്ള വീട്ടില്‍ മൂന്ന് ദിവസമായി ആഭിചാര ക്രിയകള്‍ നടക്കുന്നെന്ന വിവരത്തെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തരായ നാട്ടുകാരാണ് വിവരമറിയിച്ചത്. വീട്ടുകാർ വാതില്‍ തുറക്കാത്തതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വാതില്‍ തകർത്താണ് പോലീസ് അകത്തുകടന്നത്.

ആറണി എസ് വി ടൗണിനടുത്ത് ദസറാപേട്ടിലെ ധനപാലന്റെ വീട്ടില്‍ നിന്ന് പൂജയുടെയും ആഭിചാരക്രിയകളുടെയും ശബ്ദം കേള്‍ക്കുകയും മൂന്ന് ദിവസമായി കുടുംബം പുറത്തിറങ്ങാതെയും വന്ന സാഹചര്യത്തിലാണ് സംശയം ഉയർന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പോലീസും തഹസീല്‍ദാരും സ്ഥലത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പൂജ തടസപ്പെടുത്തിയാല്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്ന് വീട്ടിലുള്ളവർ ഭീഷണി മുഴക്കി. വാതില്‍ തുറക്കാതെ വന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് വാതില്‍ തകർത്ത് അകത്തുകടന്നാണ് ദുർമന്ത്രാവാദം നടത്തിയവരെ പിടികൂടിയത്.

ധനപാലന്‍, കാമാക്ഷി ദമ്പതികളുടെ ചെറുമകള്‍ ഗോമതി അടുത്തിടെയാണ് വിവാഹിതയായത്. ഇവർക്ക് പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തിലാണ് ആഭിചാരക്രിയകള്‍ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ട ഇലന്തൂരില്‍ ദമ്പതികളും ഏജന്റും ചേർന്ന് ഐശ്വര്യലബ്ധിക്കെന്ന പേരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ആശങ്കാകുലരായ നാട്ടുകാർ ധനപാലന്റെ വീടിന് സമീപം പ്രതിഷേധവുമായെത്തിയപ്പോഴും വീട്ടുകാർ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസെത്തിയപ്പോഴും വീട്ടിലുണ്ടായിരുന്നവർ കോപാകുലരായി ഇടപെട്ടതോടെ സ്ഥിതി സങ്കീർണമായി. മണിക്കൂറുകള്‍ക്കൊടുവിലാണ് സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രണാതീതമാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?