INDIA

മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെഹ്ലോട്ടിന് വിമുഖത; ഇന്ന് സോണിയയെ കാണും, രാഹുലുമായി ചര്‍ച്ച നടത്താന്‍ കൊച്ചിയിലെത്തും

സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കുന്നതില്‍ ഗെഹ്ലോട്ടിന് വൈമുഖ്യം

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പേര് ഉയര്‍ന്നു കേള്‍ക്കുന്നതിനിടയിലും രാജസ്ഥാനില്‍ തുടരുമെന്ന സൂചന നല്‍കി അശോക് ഗെഹ്ലോട്ട്. ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംസ്ഥാനം വിട്ട് പോകില്ലെന്ന് ഗെഹ്ലോട്ട് എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയത് . പാര്‍ട്ടി അധ്യക്ഷനായി ഗെഹ്ലോട്ട് തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് കൈമാറേണ്ടി വരുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കുന്നതില്‍ ഗെഹ്ലോട്ടിന് വൈമുഖ്യമുണ്ട്.

നിര്‍ബന്ധത്തിന് വഴങ്ങി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായാലും മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിലാണ് ഗെഹ്ലോട്ട് . സച്ചിന്‍ പൈലറ്റിന്റെ അസാന്നിധ്യത്തില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചതും രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന നിലപാട് ഉന്നയിക്കുന്നതും ഇക്കാരണം കൊണ്ടാണ്. അധ്യക്ഷനാകുന്ന കാര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷ അശോക് ഗെഹ്ലോട്ട് കൈവിട്ടിട്ടില്ല.

അതിനിടെ, അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ അശോക് ഗെഹ്ലോട്ട് ഇന്ന് സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. ഇതിന് ശേഷം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുലിനെ കാണാനായി ഗെഹ്ലോട്ട് ഇന്ന് തന്നെ കൊച്ചിയിലെത്തും. കഴിഞ്ഞ ദിവസം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.

അതേ സമയം ജി 23 സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ തരൂര്‍ പിന്മാറും. എന്നാല്‍ ഇക്കാര്യത്തില്‍ ജി 23 സംഘത്തിലെ മനീഷ് തിവാരിക്ക് വ്യത്യസ്ത നിലപാടാണ്. രാഹുലാണെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയുണ്ടാകണമെന്നാണ് മനീഷ് തിവാരിയുടെ നിലപാട്. അതേസമയം, കെ കാമരാജിനെ അധ്യക്ഷനായി തിരഞ്ഞെടുത്ത മാതൃകയാകാമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയിലെ ഒരോ അംഗത്തിനും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജയറാം രമേശ് പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതല്‍ നാമനിര്‍ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. 10 എഐസിസി അംഗങ്ങളുടെ പിന്തുണയുള്ള ആര്‍ക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം . ഒക്ടോബര്‍ 8 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് വന്നാല്‍ ഒക്ടോബര്‍ 17ന് തിരഞ്ഞെടുപ്പ് നടക്കും രാവിലെ 10 മുതല്‍ നാലു വരെയാണ് വോട്ടെടുപ്പ് . ഒക്ടോബര്‍ 19നാണ് ഫല പ്രഖ്യാപനം.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ