ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ട്വിസ്റ്റിന് മീതേ ട്വിസ്റ്റുകള്‍ നല്‍കി മടുക്കാത്തൊരു നേതാവാരുണ്ടെന്ന് ചോദിച്ചാല്‍, അതിനുത്തരം നിതീഷ് കുമാര്‍ എന്നായിരിക്കും. മുന്നണികള്‍ മാറി മടുക്കാത്ത നിതീഷ് കുമാര്‍, ബിഹാര്‍ രാഷ്ട്രീയത്തെ മാത്രമല്ല ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. നീതീഷ് തന്നെയുണ്ടാക്കിയ 'ഇന്ത്യ' മുന്നണിയ ത്രിശങ്കുവില്‍ നിര്‍ത്തിയാണ് ഇത്തവണത്തെ 'ചാട്ടത്തിനുള്ള' ശ്രമം.
ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് മുന്നേറ്റം ബിഹാറിന് അതികായന്‍മാരായ രണ്ട് നേതാക്കളെ നല്‍കി. ഒന്ന് ലാലു പ്രസാദ് യാദവ്, മറ്റൊരാള്‍ നിതീഷ് കുമാര്‍. സംഘപരിവാറിനോട് പടവെട്ടി ആര്‍ജെഡിയെ വളര്‍ത്തിയ ലാലുവിനെപ്പോലെ ആയിരുന്നില്ല ഒരുകാലത്തും നിതീഷ് കുമാര്‍. ബിജെപിയോട് അയിത്തം കല്‍പ്പിക്കാതെ ചാടേണ്ട സമയത്ത് കൃത്യമായി മറുകണ്ടം ചാടി ബിഹാറില്‍ നീണ്ടകാലം അധികാരത്തിലിരിക്കാന്‍ നിതീഷിനായി. 1994ല്‍ സമതാ പാര്‍ട്ടി രൂപീകരിച്ച് ലാലു പ്രസാദ് യാദവുമായി ഉടക്കിപ്പിരിഞ്ഞു. 1996-ല്‍ ബിജെപിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായി. 1997ല്‍ ലാലുപ്രസാദ് യാദവ് ആര്‍ജെഡി രൂപീകരിച്ചതോടെ രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പരസ്പരം പോരാടുന്ന മണ്ണായി ബിഹാര്‍ മാറി.
2000ത്തിലാണ് നിതീഷ് കുമാര്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. അന്ന് എന്‍ഡിഎക്കൊപ്പമായിരുന്നു സമതാ പാര്‍ട്ടി. എന്‍ഡിഎയ്ക്ക് അന്ന് കിട്ടിയത് 151 സീറ്റ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 159 സീറ്റ്. കേവലഭൂരിപക്ഷമായ 163 സീറ്റ് തികയ്ക്കാന്‍ പറ്റാതെ വന്നതോടെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചു.
2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാര്‍ട്ടി ലയിച്ചു ജനതാദള്‍ യുണൈറ്റഡ് രൂപീകരിച്ചു. എന്‍ഡിഎയ്‌ക്കൊപ്പം നിലയുറപ്പിച്ച നിതീഷ് കുമാര്‍ അതേവര്‍ഷം തന്നെ മുഖ്യമന്ത്രി കസേരയിലെത്തി. 2010ലും എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി.
2013ലാണ് നിതീഷിന്റെ അടുത്ത ചാട്ടം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2015ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി. അന്നും ആര്‍ജെഡി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ആര്‍ജെഡിക്ക് 80 സീറ്റും ജെഡിയുവിന് 71 സീറ്റും. ബിജെപി 53 സീറ്റില്‍ ഒതുങ്ങി. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി.
2017ല്‍ ആര്‍ജെഡിയെ നിസഹായരാക്കി നിതീഷ് വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് ചാടി. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന് എതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ്, ആര്‍ജെഡിയുമായി സഖ്യം തുടരാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് നിതീഷ് സഖ്യം ഉപേക്ഷിച്ചത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.
എന്നാല്‍, സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ ജെഡിയുവും ബിജെപിയും തമ്മില്‍ അധികാര വടംവലി പതിവായി. 2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷിനെ ഞെട്ടിച്ചുകൊണ്ട് 74 സീറ്റ് നേടി ബിജെപി രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. 43 സീറ്റ് ആയിരുന്നു ജെഡിയുവിന്റെ സംഭാവന. എന്നിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയത്.
അധികാരം കിട്ടിയതിന് പിന്നാലെ, ജെഡിയു എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതായി നിതീഷ് ആരോപിച്ചു. പിന്നാലെ പഴയ സോഷ്യലിസ്റ്റ് ചേരിയിലേക്ക് തന്നെ മടങ്ങാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 9ന് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ വീണ്ടും ആര്‍ജെഡിയുമായി ചേര്‍ന്നു. ആര്‍ജെഡി-ജെഡിയു സര്‍ക്കാരിന്റെ തുടക്ക സമയത്ത് തേജസ്വി യാദവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച നിതീഷ് ബിജെപിയെ നിരന്തരം കടന്നാക്രമിച്ചു. ബിജെപിയുമായി ഇനിയും സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നു വരെ നിതീഷ് കുമാര്‍ പറഞ്ഞു. അമിത് ഷായും വെറുതേയിരുന്നില്ല. മൂന്നുവര്‍ഷം കൂടുമ്പോള്‍ നിതീഷ് കുമാറിന് പ്രധാനമന്ത്രി മോഹം വരുമെന്നും അവസരവാദിക്ക് മുന്നില്‍ ഇനി ബിജെപി വാതില്‍ തുറക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചു.
പിന്നാലെ, പ്രതിപക്ഷ മുന്നണി നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ട നിതീഷ് കുമാര്‍, ബിജെപി വിമര്‍ശകരുടെ മുന്‍പന്തിയില്‍ ഇടംപിടിച്ചു. ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതില്‍ നിതീഷ് കുമാറിന്റെ പങ്കു വലുതാണ്. പല നിലപാടുകളില്‍ നിന്ന നേതാക്കളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ നിതീഷ് കുമാര്‍ നടത്തിയ ആദ്യ ശ്രമങ്ങള്‍ വിജയിച്ചിരുന്നു. എന്നാല്‍, മുന്നണിയിലേക്കുള്ള കോണ്‍ഗ്രസിന്റെ കടന്നുവരവ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള തന്റെ യാത്രയ്ക്ക് തിരിച്ചടിയാണെന്ന് നിതീഷ് കണക്കുകൂട്ടി കാണണം. സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ നിതീഷ് കുമാര്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ, കോണ്‍ഗ്രസ് നിലപാടുകളോടുള്ള വിയോജിപ്പ് പലതവണ നിതീഷ് വ്യക്തമാക്കുകയും ചെയ്തു.
ആര്‍ജെഡിയുമായുമായി സ്ഥിരമായുള്ള സൗന്ദര്യപ്പിണക്കങ്ങളും മാറിചിന്തിക്കാന്‍ നിതീഷ് കുമാറിനെ പ്രേരിപ്പിച്ചിരിക്കാം. തന്റെ പാര്‍ട്ടിയെ ആര്‍ജെഡി 'ഹൈജാക്ക്' ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാറിന് സംശയമുണ്ട്, മുന്‍പ് ബിജെപിയോട് തോന്നിയ അതേസംശയം. മുഖ്യമന്ത്രിയായ തന്നോട് ചോദിക്കാതെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതും ജെഡിയു വകുപ്പുകളിലേക്കുള്ള ആര്‍ജെഡിയുടെ കടന്നുകയറ്റവും നിതീഷിനെ അസ്വസ്ഥനാക്കിയ ഘടകങ്ങളാണ്.
രണ്ടുവള്ളത്തില്‍ കാല്‍ചവിട്ടിയാണ് ഇപ്പോള്‍ നിതീഷിന്റെ നില്‍പ്പ്. ബിജെപിയുമായി സഖ്യശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരക്കെയുള്ള അഭ്യൂഹം. എന്നാല്‍, നിതീഷ് കുമാറും ജെഡിയു സംസ്ഥാന നേതൃത്വവും ഇതുവരേയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറുവശത്ത് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ മഞ്ഞുരുക്കല്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 'ഇപ്പോള്‍ ചാടും' എന്ന പ്രതീതി സൃഷ്ടിച്ച് തേജസ്വിയേയും കോണ്‍ഗ്രസിനേയും വരുതിയിലാക്കാനാണോ നിതീഷിന്റെ ശ്രമം എന്നാണ് കാണേണ്ടത്.
ചേര്‍ത്തു വായിക്കാന്‍; സുശാസന്‍ ബാബു (നല്ല ഭരണാധികാരിയായ നേതാവ്) എന്നാണ് ബിഹാറില്‍ നിതീഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. 2013 മുതല്‍ പല്‍തു കുമാര്‍ (അവസരത്തിനൊത്ത് കളം മാറുന്നയാള്‍) എന്നാണ് നിതീഷ് കുമാറിനെ രാഷ്ട്രീയ എതിരാളികള്‍ വിളിക്കുന്നത്. ഈ പേര് സമയാസമയം പോലെ ബിജെപിക്കും ആര്‍ജെഡിക്കും വിളിക്കാന്‍ അവസരമുണ്ടാക്കിനല്‍കുന്നതില്‍ നിതീഷിന് ഒട്ടുമേ മനോവിഷമമില്ലതാനും!