INDIA

നിയമസഭാ തിരഞ്ഞെടുപ്പുകള്‍, പ്രാതിനിധ്യം, നയങ്ങള്‍; മോദിയുടെ മൂന്നാം മന്ത്രിസഭ നല്‍കുന്ന സൂചനകള്‍

സുപ്രധാന വകുപ്പുകള്‍ തേടി സര്‍ക്കാര്‍ രൂപികരണത്തിന്റെ ആദ്യ ചര്‍ച്ചകളില്‍ ബിജെപിയെ ഘടക കക്ഷികള്‍ സമ്മര്‍ദത്തിലാക്കെയെങ്കിലും പിന്നീട് ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ സര്‍ക്കാരിനെ നയിക്കാന്‍ രൂപീകരിച്ചത് ജംബോ ക്യാബിനറ്റ്. 2014, 2019 വര്‍ഷങ്ങളിലെ നരേന്ദ്ര മോദിയുടെ മന്ത്രിസഭയേക്കാള്‍ അംഗബലം കൂടുതലാണ് ഇത്തവണ. ക്യാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, സഹമന്ത്രിമാര്‍ എന്നിവരടങ്ങുന്ന പുതിയ ക്യാബിനറ്റില്‍ 72 അംഗങ്ങളാണുള്ളത്.

2019 ല്‍ ബിജെപി തനിച്ച് നേടിയ ഭൂരിപക്ഷത്തോടെ രൂപീകരിച്ച സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ജെഡിയു, ടിഡിപി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇത്തവണ മോദി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന്. എന്നാല്‍, ഘടകകക്ഷികളുടെ സമ്മര്‍ദം അതിജീവിച്ച് സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വച്ചിട്ടുണ്ട്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കില്ലെന്നാണ് വിലയിരുത്തല്‍.

ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നടപടികള്‍

സുപ്രധാന വകുപ്പുകള്‍ തേടി സര്‍ക്കാര്‍ രൂപികരണത്തിന്റെ ആദ്യ ചര്‍ച്ചകളില്‍ ബിജെപിയെ ഘടക കക്ഷികള്‍ സമ്മര്‍ദത്തിലാക്കിയെങ്കിലും പിന്നീട് ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നേടിയെടുക്കാനാണ് സഖ്യകക്ഷികളുടെ ശ്രമം. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദവി വേണമെന്ന് ഇതിനോടകം തന്നെ ജെഡിയുവും ടിഡിപിയും ആവശ്യപ്പെട്ടുകഴിഞ്ഞു. ഭരണ നിര്‍വഹണത്തില്‍ മുന്‍പരിചയമുള്ളവരുടെ നീണ്ട നിര ഇത്തവണ മോദി സര്‍ക്കാരിലുണ്ട്. മുതര്‍ന്ന നേതാക്കള്‍ക്കും മോദിക്കും പുറമെ ആറ് മുന്‍ മുഖ്യമന്ത്രിമാരും ഇത്തവണത്തെ ക്യാബിനറ്റിലുണ്ട്. പുതിയ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇവരുടെ നിലപാടുകളുടെ സ്വാധീനവും പ്രകടമാകും.

ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നടപടികള്‍ എന്നാണ് സൂചനകള്‍. ജാട്ട് വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന നിലപാട് തുടരുമെന്ന സൂചനയാണ് സംസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നല്‍കുന്ന സൂചന.

തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ തന്നെ മഹാരാഷ്ട്രയില്‍ നിന്നുള്ള സഖ്യകക്ഷിയായ അജിത് പവാര്‍ വിഭാഗം എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ സഖ്യ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കേണ്ടതിന്റെ സൂചനയാണ് ഇതിലൂടെ ബിജെപി നല്‍കുന്നത്. വിഷയത്തില്‍ പരസ്യമായി പ്രതികരിച്ച പ്രഫുല്‍ പട്ടേലിന്റെ നിലപാടുകളും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഝാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗക്കാരല്ലാത്തവരെ ഉയര്‍ത്തിക്കാട്ടുക എന്നതായിരിക്കും ബിജെപിയുടെ തന്ത്രം എന്നതാണ് മന്ത്രിസഭാ രൂപീകരണം നല്‍കുന്ന സൂചന.

രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഒന്നായ മുസ്ലിങ്ങള്‍ക്ക് ഇത്തവണത്തെ മന്ത്രിസഭയിലും പ്രാതിനിധ്യം ഇല്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഇതില്‍ പിന്നീട് മാറ്റം വന്നേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പൊതുതിരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിച്ചാല്‍ മുസ്ലിം വോട്ടുകളുടെ ഏറിയ പങ്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ ഈ വിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ നിലപാടുകളിലും നയങ്ങളിലും പ്രാതിനിധ്യത്തിലും മാറ്റം വരുത്താന്‍ ബിജെപി നിര്‍ബന്ധിതരാകേണ്ടിവന്നേക്കും.

നരേന്ദ്ര മോദി, അമിത് ഷാ

മോദിയുടെ 'ചങ്ങാത്ത മുതലാളിത്തം' എന്ന വിഷയത്തില്‍ ഊന്നിയായിരുന്നു പ്രതിപക്ഷത്തിന്റെ ഇത്തവണത്തെ പ്രചാരണം. ഇത്തരക്കാരോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ മുന്നാം മോദി സര്‍ക്കാരും തയ്യാറല്ലെന്ന സൂചന നല്‍കുന്നതാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിധ്യമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. വിവിധ മഠാധിപതികള്‍, ഹിന്ദു സന്യാസിമാര്‍ എന്നിവരുടെ ഗണ്യമായ സാന്നിധ്യം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയില്‍ നിന്നും പിന്നോട്ടില്ലെന്നതിന്റെ സൂചനകൂടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ