ഹിമാചലില്‍ വോട്ടെടുപ്പ് അവസാനിച്ചു 
INDIA

ഹിമാചലില്‍ 65.92 ശതമാനം പോളിങ്; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്

2017ലെ തിരഞ്ഞെടുപ്പില്‍ 74.6 ശതമാനമായിരുന്നു പോളിങ്

വെബ് ഡെസ്ക്

ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ നടന്ന വോട്ടെടുപ്പിൽ 65.92 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ വരിയിൽ നിന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചിട്ടുള്ളതിനാൽ, പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായേക്കാം. 2017ലെ തിരഞ്ഞെടുപ്പില്‍ 74.6 ശതമാനമായിരുന്നു പോളിങ്.

ഹിമാചലില്‍ ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തി കുറിക്കാൻ ബിജെപി ലക്ഷ്യമിടുമ്പോൾ, ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്

രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരുള്ള ഹിമാചലിൽ, 7,884 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചിരുന്നത്. ആദ്യ മണിക്കൂറില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു വോട്ടിങ് ശതമാനം. പതിനൊന്ന് മണിയായപ്പോള്‍ അത് 19.98 ശതമാനമായി ഉയര്‍ന്നു. ഉച്ചയോടെ 37.19 ശതമാനവും മുന്ന് മണിയോടെ 55.65 ശതമാനവുമായി ഉയര്‍ന്നു. വോട്ടെടുപ്പ് സമയം പൂര്‍ത്തിയാകുമ്പോള്‍ 65.92 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സിര്‍മൂര്‍ ജില്ലയിലാണ് വോട്ടിങ് ശതമാനം കൂടുതല്‍, 72.35. സൊലാന്‍ 68.48, ഉന 67.67, ലഹൗല്‍, സ്പിതി 67.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വോട്ടിങ് ശതമാനം. വോട്ടിങ് സമാധാനപരമായിരുന്നു. അതേസമയം, ബിജെപി വ്യാജക്കത്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച്, കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്..

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയുടെ പ്രചാരണ പരിപാടികള്‍ നടന്നപ്പോള്‍, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തി കുറിക്കാൻ ബിജെപി ലക്ഷ്യമിടുമ്പോൾ, ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം, സ്ത്രീകൾക്കായി സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ്, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായ വിഷയങ്ങൾ. കോൺഗ്രസും ബിജെപിയും കൂടാതെ, ആം ആദ്മി പാർട്ടിയും പ്രചാരണങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും വിമതശല്യവും തിരിച്ചടിയായേക്കും. വീർഭദ്ര സിങ്ങിന്റെ മരണത്തെത്തുടർന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, ഇത്തവണ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണെങ്കിലും, നേതാക്കള്‍ക്കിടയിലെ കിടമത്സരം കോൺഗ്രസിലും ശക്തമാണ്. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം