INDIA

ഒരു പതിറ്റാണ്ടിനുശേഷം കശ്മീർ പോളിങ് ബൂത്തില്‍; ഒന്നാംഘട്ട പോളിങ്ങിന് തുടക്കം

90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്

വെബ് ഡെസ്ക്

ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണപ്രദേശത്ത് ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടത്തില്‍ കശ്മീരിലെ നാല് തെക്കന്‍ ജില്ലകള്‍ അടക്കം ഏഴ് ജില്ലകളിലെ വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇതിൽ ജമ്മു മേഖലയിലെ മൂന്ന് ജില്ലകളിലെ എട്ട് മണ്ഡലങ്ങളും, കശ്മീർ താഴ്‌വരയിലെ നാല് ജില്ലകളിലെ 16 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 23 ലക്ഷത്തിലധികം വോട്ടർമാർ പോളിങ് ബൂത്തിലെത്തും.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച്, 11,76,462 പുരുഷന്മാരും 11,51,058 സ്ത്രീകളും 60 മൂന്നാം ലിംഗക്കാരും ഉൾപ്പെടുന്ന മൊത്തം 23,27,580 വോട്ടർമാർ ഈ ഘട്ടത്തിൽ വോട്ടു രേഖപ്പെടുത്താന്‍ അർഹരാണ്.

പാംപോര്‍, ത്രാല്‍, പുല്‍വാമ, രാജ്പോറ, സൈനപോറ, ഷോപിയാന്‍, ഡിഎച്ച് പോറ, കുല്‍ഗാം, ദേവ്സര്‍, ദൂരു, കൊക്കര്‍നാഗ് (എസ്ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ്വാര-ബിജ്ബെഹറ, ഷാംഗസ് അനന്ത്നാഗ് ഈസ്റ്റ്, പഹല്‍ഗാം, ഇന്ദര്‍വാള്‍, കിഷ്ത്വാര്‍, പാദ്ദര്‍-നാഗ്സേനി, ഭദര്‍വ, ദോഡ, ദോഡ വെസ്റ്റ്, റംബാന്‍, ബനിഹാള്‍ എന്നിവയാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

മുൻ മന്ത്രിമാരായ സജ്ജാദ് കിച്ച്‌ലൂ (എൻസി), ഖാലിദ് നജിദ് സുഹാർവാർഡി (എൻസി), വികാർ റസൂൽ വാനി (കോൺഗ്രസ്), അബ്ദുൾ മജിദ് വാനി (ഡിപിഎപി), സുനിൽ ശർമ (ബിജെപി), ശക്തി രാജ് പരിഹാർ (ദോഡ വെസ്റ്റ്) തുടങ്ങിയ നിരവധി പ്രമുഖർ ജമ്മുവിൽ നിന്ന് ജനവിധി തേടുന്നുണ്ട്. മൂന്ന് തവണ എംഎൽഎയായ ഗുലാം മുഹമ്മദ് സറൂരി സ്വതന്ത്രനായി മത്സരിക്കുകയാണ്.

മുൻ എംഎൽഎ ദലീപ് സിങ് പരിഹാർ (ബിജെപി), മുൻ എംഎൽസി ഫിർദൗസ് തക്, ഇംതിയാസ് ഷാൻ (പിഡിപി), എൻസിയുടെ പൂജ താക്കൂർ, കിഷ്ത്വറിലെ ജില്ലാ വികസന കൗൺസിലിൻ്റെ നിലവിലെ ചെയർപേഴ്‌സൺ, ബിജെപിയുടെ ഷാഗുൺ പരിഹാർ, എഎപിയുടെ മെഹ്‌രാജ് ദിൻ മാലിക് തുടങ്ങിയവരാണ് മറ്റ് പ്രമുഖ സ്ഥാനാർഥികൾ.

302 അര്‍ബന്‍ പോളിങ് സ്റ്റേഷനുകളും 2,974 റൂറല്‍ പോളിങ് സ്റ്റേഷനുകളുമുണ്ട്. 3276 പോളിങ് സ്റ്റേഷനുകളില്‍ 14,000 പോളിങ് ജീവനക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്നും വോട്ടെടുപ്പ് സുഗമമായി നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഓരോ പോളിങ് സ്റ്റേഷനിലും പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ നാല് ഇലക്ഷന്‍ സ്റ്റാഫുകള്‍ വീതം ഉണ്ടായിരിക്കും. ആകെ 14,000 പോളിങ് സ്റ്റാഫുകളാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടത്തിപ്പിനുണ്ടാകുക.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കശ്മീര്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വി കെ ബിര്‍ദി അറിയിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി