INDIA

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

ദ ഫോർത്ത് - ബെംഗളൂരു

ഹാസൻ എം പി പ്രജ്വൽ രേവണ്ണക്കെതിരെയും പിതാവ് എച്ച് ഡി രേവണ്ണക്കെതിരെയും  ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയിൽ നിന്ന് പ്രജ്വൽ തിരിച്ചെത്തിയില്ല. ഏപ്രിൽ 27ന് രാജ്യം വിടുമ്പോൾ പ്രജ്വൽ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു. എന്നാൽ പ്രജ്വൽ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം .

പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമിയുടെ നിർദേശപ്രകാരം പ്രജ്വൽ മേയ് ഏഴിന് ശേഷം കീഴടങ്ങുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും സഖ്യകക്ഷിയായ ബിജെപിയുടെ  ദേശീയ നേതാക്കളുടെ ഇടപെടലോടെ യാത്ര മേയ് 15ലേക്ക് നീട്ടുകയായിരുന്നു.

അറസ്റ്റിലായാലും എളുപ്പത്തിൽ ജാമ്യം കിട്ടാനുള്ള സാധ്യത ഉറപ്പിച്ച ശേഷമാകും പ്രജ്വൽ ഇനി കർണാടകയിലേക്ക് എത്തുക എന്നാണ് നിഗമനം. സമാന കേസിൽ അറസ്റ്റിലായ രേവണ്ണക്ക് ജാമ്യം ലഭിച്ചാൽ മാത്രമേ തിരികെ വരുന്ന കാര്യം തീരുമാനിക്കാവൂ എന്നാണ് പ്രജ്വലിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ പ്രജ്വലിനെ വിദേശത്തു ചെന്ന് അറസ്റ്റു ചെയ്തു കൊണ്ട് വരാൻ സാധിക്കില്ല. അതിനാൽ കർണാടക പോലീസ് ഇതിനു ശ്രമിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയത്.

ഇതിനിടയിൽ ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ്  സൂക്ഷിച്ചതിനു രണ്ടു ബിജെപി നേതാക്കളെ  അന്വേഷണസംഘം അറസ്റ്റു ചെയ്തു. ബിജെപി എംഎൽഎ പ്രീതം ഗൗഡയുടെ സുഹൃത്തുക്കളായ ലിഖിത്, ചേതൻ എന്നിവരാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ ചോർത്തി പെൻഡ്രൈവിലാക്കി ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് ദിവസത്തിന് മുന്നോടിയയായി പ്രചരിപ്പിച്ച ബിജെപി നേതാവ് ദേവരാജ് ഗൗഡ നേരത്തെ അറസ്റ്റിലായിരുന്നു . പ്രജ്വലിന്റെ ഡ്രൈവർ  കാർത്തിക് റെഡ്ഢി  കേസിന്റെ ഭാഗമായി ഇദ്ദേഹത്തെയായിരുന്നു പെൻഡ്രൈവ് ഏൽപ്പിച്ചത് .

അതേസമയം, കേസിനെ തള്ളി പറഞ്ഞു കൊണ്ട് അതിജീവിതയുടെ മൊഴി പുറത്തു വന്നതും അന്വേഷണ സംഘത്തെ വെട്ടിലാക്കുകയാണ്. പ്രജ്വലിനാൽ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീയയെ  ഒരു സംഘം തട്ടികൊണ്ടുയ പോയെന്ന കേസിലാണ് എച്ച്ഡി രേവണ്ണയുടെ അറസ്റ്റുണ്ടായത്. എന്നാൽ തന്നെ ആരും തട്ടി കൊണ്ട് പോയിട്ടില്ലെന്നും പരാതി വ്യാജമാണെന്നും വെളിപ്പെടുത്തി വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അതിജീവിത.

ഇവരുടെ മകൻ മൈസൂരുവിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇവരെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി നിയമപരമായി മാറ്റി പറയാനാവില്ല എന്നിരിക്കെയാണ് അതിജീവിത പരസ്യമായി രംഗത്തു വന്നത്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന രേവണ്ണയുടെ അറസ്റ്റ് ഇപ്പോൾ ചോദ്യ ചിഹ്നമാണ്.

അതേസമയം, ഹാസനിലെ വീട്ടിൽവെച്ച് വീട്ടു സഹായിയും അകന്ന ബന്ധുവുമായ സ്ത്രീക്കെതിരെ അച്ഛനും മകനും അതിക്രമം കാട്ടിയെന്ന പരാതിയിലാണ് എസ്ഐടി ഇപ്പോൾ അന്വേഷണം നടത്തുന്നത്. അപമാനഭീതിയും നാണക്കേടും കാരണം അതിജീവിതരില്‍ പലരും പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. അതിജീവിതർക്ക് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും പരാതി നൽകാൻ ഹെല്‍പ്പ് ലൈൻ നമ്പർ തുടങ്ങുകയും ചെയ്തിരുന്നു. നാൻൂറോളം സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ 2,976  വീഡിയോ ക്ലിപ്പുകൾ ആയിരുന്നു കർണാടകയിൽ പ്രചരിച്ചത് .


ജെഡിഎസ് - ബിജെപി ബാന്ധവത്തിൽ അതൃപ്തിയുള്ളവരാണ് ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ മുൻകൈ എടുത്തത് എന്നാണ് ഇതുവരെയുള്ള അറസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രജ്വലിനെ ഹാസനിൽ വീണ്ടും മത്സരിപ്പിക്കരുതെന്നു ഒരു വർഷം മുൻപ് തന്നെ അറസ്റ്റിലായ ബിജെപി നേതാവ് ദേവരാജ് ഗൗഡ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎൽഎ പ്രീതം ഗൗഡ തിരഞ്ഞെടുപ്പ് സമയത്തു മണ്ഡലത്തിൽ മുന്നണിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും