INDIA

'നിശബ്ദനായി ആക്രമിക്കുന്ന സിംഹം, മാന്യനായ ക്രിമിനല്‍'; മണിപ്പൂർ കലാപവും മെയ്തി ലിപുണ്‍ നേതാവിന്റെ ബിജെപി ബന്ധവും

മെയ്തി ലിപുണ്‍ സംഘടനയ്ക്ക് ആര്‍എസ്സുമായും ബിജെപിയുമായും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനോടുമുള്ള ആഭിമുഖ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്

വെബ് ഡെസ്ക്

"നിശബ്ദമായി പ്രവര്‍ത്തിക്കുക, സിംഹം ആക്രമിക്കുമ്പോള്‍ ശബ്ദം ഉണ്ടാകരുത്". മെയ്തി ലിപുണ്‍ എന്ന സംഘടനയുടെ നേതാവ് എം. പ്രമോദ് സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണിവ. മണിപ്പൂരിലെ കലാപം മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നടന്ന ഭൂരിഭാഗം അക്രമങ്ങളിലും മെയ്തി ലിപൂണ്‍ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വംശീയ വിദ്വേഷം ആളിക്കത്തിക്കുന്ന ഇടപെടലുകള്‍ ചര്‍ച്ചയാകുമ്പോള്‍ കലാപത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.

പോലീസിന് മുന്നില്‍ മണിപ്പൂരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നുള്‍പ്പെടെ വിവരണങ്ങള്‍ പുറത്തുവരുമ്പോള്‍ ആരോപണ മുനയില്‍ നില്‍ക്കുന്ന മെയ്തി ലിപൂണ്‍ സംഘടനയ്ക്കും നേതാവ് എം. പ്രമോദ് സിങിനും ആര്‍എസ്സുമായും ബിജെപിയുമായും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനോടുമുള്ള ആഭിമുഖ്യവും ചര്‍ച്ചയാവുകയാണ്.

മാന്യനായ ക്രിമിനല്‍ എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ടുള്ള പ്രമോദ് സിങ്ങിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസും വളരെ വിവാദമായിരുന്നു

മണിപ്പൂരിലെ വംശീയ കലാപത്തെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇക്കാലയളവിനിടയില്‍ മെയ്തി ലിപൂണ്‍ എന്ന സംഘടന നടത്തിയിട്ടുള്ളതെന്നാണ് നേതാവ് പ്രമോദ് സിങിന്റെ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ട് ദ ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വംശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയാണ് മെയ്തി ലിപൂണ്‍ എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. പ്രമോദ് സിങിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പോലും ഇക്കാര്യങ്ങള്‍ അടിവരയിടുന്നതാണ്.

കലാപം ആരംഭിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. അതിന് തൊട്ടുമുന്‍പ് പ്രമോദ് സിങ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സ്റ്റാറ്റസ് ഉള്‍പ്പെടെ ഇടപെടലുകളുടെ വ്യാപ്തി വ്യക്തമാക്കുന്നു. 'മാന്യനായ ക്രിമിനല്‍' എന്ന അര്‍ത്ഥം വരുന്ന ഫേസ്ബുക്ക് സ്റ്റാറ്റസ് ആയിരുന്നു പ്രമോദ് സിങ് അന്ന് പങ്കുവച്ചത്. മറ്റൊന്നായിരുന്നു സിംഹത്തപ്പോലെ പതിങ്ങിയിരുന്നാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നുള്ള വാചകമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മേയ് മൂന്നിന് ശേഷമാണ് മണിപ്പൂരില്‍ കലാപം വ്യാപിക്കുന്നത്. ഇതിന് ശേഷം ജൂണ്‍ 13 ന് കുംകി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദ് സിങ്ങിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വംശീയ വിദ്വേഷം പടര്‍ത്തി എന്നതതായിരുന്നു പ്രമോദ് സിങിന് എതിരായ പ്രധാന പരാതി. ക്രിമിനല്‍ ഗൂഢാലോചന, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു, സമാധാന ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

കലാപം തുടങ്ങിയതിന് ശേഷം മെയ്തി വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആഹ്വാനം ചെയ്ത് കൊണ്ടാണ് മെയ്തി ലിപൂണ്‍ സംഘടന രംഗത്തെത്തിയത്

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമായും ഇരകളാക്കപ്പെട്ടിട്ടുള്ളത് കുക്കി വിഭാഗക്കാരായിരുന്നു. കുക്കി വംശജര്‍ക്ക് നേരെയുള്ള ആക്രമങ്ങളിലെല്ലാം മുന്നില്‍ മെയ്തി ലിപൂണ്‍ സംഘടന ഉണ്ടായിരുന്നു എന്നും ആക്ഷേപങ്ങളുണ്ട്. മെയ്തി വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു മെയ്തി ലിപൂണ്‍ സംഘടന ചുവടുറുപ്പിച്ചത്. ഇതിന് പുറമേ ആരംബായ് തെംഗോല്‍ തീവ്രവാദ സംഘടനയായി ചേര്‍ന്നും മെയ്തി ലിപൂണ്‍ സംഘടന ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ആരോപണമുണ്ട്.

കുക്കികള്‍ സംസ്ഥാനത്ത് അനധികൃതമായി കുടിയേറിയവരാണെന്നും അവര്‍ക്ക് സംസ്ഥാനത്ത് യാതൊരു അവകാശങ്ങളും ഇല്ലെന്നുമാണ് മെയ്തി ലിപൂണ്‍ സംഘടനയുടെ പ്രധാന വാദം. മെയ്തി, നാഗ വിഭാഗങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ കുക്കികള്‍ക്കെതിരെ പ്രമോദ് സിങ് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളും ഇതിന് അടിത്തറയിടുന്നതാണ്. ജൂണ്‍ ആറിന് ദേശീയ മാധ്യമമായ ദ വയറിന് നല്‍കിയ അഭിമുഖത്തിലും പ്രമോദ് സിങ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

മണിപ്പൂരിലെ സംഭവങ്ങളില്‍ ഡൽഹിയിലോ മണിപ്പൂരിലോ സർക്കാർ ഇടപെട്ടില്ലെങ്കിൽ “ആഭ്യന്തര യുദ്ധമുണ്ടാകും” അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ “കുക്കികൾക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ല” ഇരു സർക്കാരുകൾക്കും ഇതൊരു മുന്നറിയിപ്പാണ് എന്നും സിങ് വ്യക്തമാക്കിയിരുന്നു.

മെയ്തി ലിപുണ്‍ എന്ന സംഘടനയ്ക്ക് ആര്‍എസ്സുമായും ബിജെപിയുമായും ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ കുംകി സംഘടനകളും കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം പലവണ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രമോദ് സിങ് ഈ ആരോപണങ്ങളെ തള്ളാനും തയ്യാറായിട്ടില്ല.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനോടുള്ള ആഭിമുഖ്യത്തെപ്പറ്റി അഭിമുഖത്തില്‍ കൃത്യമായി പറയുന്നുണ്ട് പ്രമോദ് സിങ്. മെയ്തി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നായിരുന്നു ആ പരാമര്‍ശം.

ആര്‍എസ്എസ് ബിജെപി ബന്ധം നിഷേധിക്കുന്നുണ്ട് എങ്കിലും എബിവിപിയില്‍ അംഗമായിരുന്നെന്നായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് പ്രമോദ് സിങ്. 2015 ല്‍ രൂപീകരിച്ച മെയ്തി ലിപൂണ്‍ എന്ന സംഘനയ്ക്ക് തികച്ചും സാമൂഹിക രാഷ്ട്രീയ സ്വഭാവമാണെന്നും, ആരാലും സ്വാധീനിക്കപ്പെടില്ല എന്നും പ്രമോദ് സിങ് വ്യക്തമാക്കിയിരുന്നു.

കലാപം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇംഫാല്‍ താഴ്‌വരയില്‍ ലിപുണ്‍ അംഗങ്ങൾ മുന്നൊരുക്കം നടത്തി

മണിപ്പൂര്‍ ഒരു കലാപഭൂമികയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും പ്രമോദ് സിങ് വെളിപ്പെടുത്തുന്നു. ഇംഫാല്‍ താഴ്‌വരയില്‍ ലിപുണ്‍ അംഗങ്ങൾ ജാഗ്രത പാലിച്ചിരുന്നു. 2015- 16 മുതല്‍ തന്നെ ഇതിനായി സംഘടന തയ്യാറെടുപ്പ് നടത്തിയിരുന്നു. മെയ്തി ലിപുണിന്റെ പതിനാലായിരം അംഗങ്ങളില്‍ ആയിരത്തിലധികം പേര്‍ക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട് എന്നും പ്രമോദ് സിങ് സമ്മതിക്കുന്നുണ്ട്.

പ്രമോദ് സിങിന്റെ സോഷ്യല്‍ മീഡിയ ഇടപെടുലകളാണ് സംഘടനയുടെ ബിജെപി ആര്‍എസ്എസ് ബന്ധം അടിവരയിടുന്ന മറ്റൊന്ന്. മെയ്തി ലിപൂണ്‍ സംഘടനയിലെ അംഗങ്ങള്‍ ആയുധ പരിശീലനം നേടുന്ന വീഡിയോകളാണ് ഇതില്‍ പ്രധാനം. കൂടാതെ കുംകികളെ അധിക്ഷേപിക്കുന്ന നിലയിലുള്ള പ്രതികണങ്ങളും നിരവധിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് പ്രധാന ബിജെപി നേതാക്കള്‍ എന്നിവരെ വാഴ്ത്തുന്ന വീഡിയോകളാണ് പ്രമോദ് സിങിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ മറ്റ് പ്രധാന ഉള്ളടക്കങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ