കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ എന്‍ഐഎ റെയ്ഡ്. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. പ്രതികളായ അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്‌മാന്‍, ദക്ഷിണ കന്നഡ സ്വദേശി നൗഷാദ് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധനയ്‌ക്കെത്തിയത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട രേഖകളും ഏതാനും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും ഇവരുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഐഎ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കഴിഞ്ഞ വര്‍ഷം ജൂലൈ 26നായിരുന്നു കൊല്ലപ്പെട്ടത്. നാലംഗ അക്രമി സംഘം പട്ടാപ്പകല്‍ ഇദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഭീതി പടര്‍ത്താനും തീവ്രവാദം വളര്‍ത്താനുമാണ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്
എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയും കൊലയാളി സംഘത്തിനെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. 2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന എന്‍ഐഎ കുറ്റപത്രത്തില്‍ വിവരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ ഉദ്ദേശ ലക്ഷ്യങ്ങളുമായി നിരവധി സ്‌ക്വാഡുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നതായും എന്‍ഐഎ കണ്ടെത്തി. ഭീതി പടര്‍ത്താനും തീവ്രവാദം വളര്‍ത്താനുമാണ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
നെട്ടാരു കൊലപാതക കേസില്‍ 20 പേരെയാണ് എന്‍ഐഎ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ 17 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. മൂന്നുപേരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.