മണിപ്പൂര്‍ വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ അഭ്യർഥന അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതി പ്രതിപക്ഷ എം പിമാരെ കാണും.
മണിപ്പൂർ കലാപത്തില്‍ പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം സജീവമായിരിക്കെയാണ് രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ 20ന് മൺസൂൺ സമ്മേളനം തുടങ്ങിയ ശേഷം ഇരുസഭകളും പല തവണ സ്തംഭിച്ചിരുന്നു.
മൺസൂൺ സമ്മേളനം ആരംഭിച്ചത്, രണ്ട് കുകി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും അതിലൊരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് വെളിവാക്കുന്ന വീഡിയോ പുറത്തുവന്നതിന് ശേഷമാണ് . തുടർന്ന്, പ്രധാനമന്ത്രി പാർലമെന്റില്‍ മറുപടി പറയണമെന്ന ആവശ്യമുന്നയിച്ച് വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ശക്തമായ പ്രതിഷേധമാണുയർത്തിയത്. ബിജെപി സർക്കാർ ഭരിക്കുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ ആശങ്കാജനകമാണെന്നും നിരവധി പേർക്കാണ് ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്.
മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് എട്ടുമുതലാണ് ലോക്സഭ ചർച്ചയ്‌ക്കെടുക്കുന്നത്. എട്ട്, ഒൻപത് തീയതികളിലാകും ചർച്ച നടക്കുക. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി മറുപടി പറയും. മണിപ്പൂര്‍ വംശീയ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മണിപ്പൂര്‍ വിഷയം പരിഗണിച്ച സുപ്രീംകോടതി ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു
വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 'ഇന്ത്യ' സഖ്യത്തിന്റെ പ്രതിനിധികള്‍ രണ്ട് ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. 16 പാര്‍ട്ടികളില്‍ നിന്നുള്ള 21 എംപിമാരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്‌കേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ എം പിമാര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. വിവിധപ്രദേശങ്ങളും അഭയാര്‍ഥി ക്യാമ്പുകളും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ ഗവര്‍ണറെ ധരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും പ്രതിപക്ഷ പ്രതിനിധികള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂര്‍ വിഷയം പരിഗണിച്ച സുപ്രീംകോടതി ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് വിമര്‍ശനം ഉന്നയിച്ച കോടതി വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.