INDIA

ഡല്‍ഹി ഭരണമുള്‍പ്പെടെ പാർലമെന്റ് പാസാക്കിയ നാല് ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

വെബ് ഡെസ്ക്

വർഷകാല സമ്മേളനത്തിൽ പാസാക്കിയ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ, ഡൽഹി ഭരണ ബിൽ തുടങ്ങിയ നാല് ബില്ലുകൾക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ എന്നിവയാണ് പ്രാബല്യത്തിൽ വന്ന മറ്റ് നിയമങ്ങൾ.

ഡൽഹി അധികാരത്തർക്കത്തിലെ ഭേദഗതി ബില്ലിനും ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിനുമെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഡൽഹി നിയമഭേ​ദഗതി ബില്‍. എൻഡിഎ സഖ്യകക്ഷിയുടെ ഭാഗമല്ലാത്ത ചില പ്രതിപക്ഷ പാർട്ടികൾ കൂടി രാജ്യസഭയിൽ ബിജെപിയെ പിന്തുണച്ചതോടെയാണ് ബിൽ പാസാകാനുള്ള വഴിയൊരുങ്ങിയത്.

ദേശീയ തലസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ നിയമനവും മറ്റും നിയന്ത്രിക്കുന്നതിന് ഡല്‍ഹി സർക്കാരിനാണ് അധികാരമെന്ന് മെയ് 19ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രം ഓർഡിനൻസിറക്കി. അതിന് തുല്യമായ ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്. ഡൽഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ടെന്ന് പറയുന്ന സുപ്രീംകോടതിയുടെ ഉത്തരവിനെയാണ് ബിൽ സൂചിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ ന്യായീകരിച്ചത്. ഡൽഹിക്ക് വേണ്ടി നിയമങ്ങൾ നിർമിക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിലുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം, മണിപ്പൂർ വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിലാണ് ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ (ഡിപിഡിപി) ബിൽ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബിൽ സഭ കടന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ബിൽ കൊണ്ടുവന്നത്. ഡാറ്റാ നിയമ ലംഘനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുന്നു.

വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്ലിന്റെ ആദ്യ കരടിന് 2018 ലാണ് ആദ്യമായി രൂപംകൊടുക്കുന്നത്. ഇന്ത്യയ്‌ക്കായി ഒരു ഡാറ്റാ പരിരക്ഷ നിയമം രൂപീകരിക്കുന്നതിന് വേണ്ടി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം രൂപീകരിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റിയായിരുന്നു ബിൽ നിർദേശിച്ചത്. 2019-ൽ കരട് ബില്ലിൽ പരിഷ്‌ക്കരണങ്ങൾ വരുത്തി വ്യക്തിഗത വിവര സംരക്ഷണ ബിൽ, 2019 എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തു. അതേദിവസം തന്നെ, കൂടുതൽ പരിശോധനയ്ക്കായി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടുകയും ചെയ്തിരുന്നു. കോവിഡിനെ തുടർന്നുണ്ടായ കാലതാമസത്താല്‍ ജെപിസി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുവർഷമെടുത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും