INDIA

സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാർ; അടിയന്തര ഒഴിപ്പിക്കൽ പരിഗണനയിൽ

അടിയന്തര ഒഴിപ്പിക്കലിന് സജ്ജരായി നിൽക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം

വെബ് ഡെസ്ക്

അര്‍ധ സൈന്യവും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാർ. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ ആലോചിക്കുകയാണ് ഇന്ത്യ. അമേരിക്കയും തങ്ങളുടെ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കാനാണ് ആലോചിക്കുന്നത്.

സുഡാനിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ഉന്നതതല യോഗത്തിലാണ് മോദി ആവശ്യമറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സുഡാനിലെ അംബാസഡർ ബി എസ് മുബാറക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

സുഡാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം തുടർച്ചയായി വിലയിരുത്തണമെന്നും അവർക്ക് വേണ്ട എല്ലാ സഹായവും നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സുഡാനിലെ സംഭവങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സുഡാനിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. സു​ഡാനിലെ അയൽ രാജ്യങ്ങളുമായുള്ള ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം യോ​ഗത്തിൽ ചൂണ്ടിക്കാട്ടി.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ നിരവധി കേരളീയരാണ് സുഡാനില്‍ ജോലി ചെയ്യുന്നതെന്നും സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും, മരുന്നും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുടങ്ങിയെന്ന പരാതികള്‍ സുഡാനില്‍ നിന്നും ലഭിച്ചുവെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കി.

എയർപോർട്ടിന് എതിർവശത്തുള്ള ഖാർത്തൂമിലെ ഇന്ത്യൻ എംബസി പരിസരത്തും ഷെല്ലാക്രമണം ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. ആഭ്യന്തര കലാപത്തിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്

വ്യാഴാഴ്ച ന്യൂയോർക്കിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യേ​ഗസ്ഥരുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. അമേരിക്ക, യുകെ, ജർമ്മനി, സ്പെയിൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ