INDIA

ചൈനയ്ക്ക് പിന്തുണ, പാകിസ്താന് വിമര്‍ശനം; എസ്‌സിഒ ഉച്ചകോടിയിൽ മോദിയുടെ നയമാറ്റം

ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്ന് വർഷത്തിലേറെയായി കിഴക്കൻ ലഡാക്ക് അതിർത്തി തർക്കത്തിന്റെയും പാകിസ്താനുമായും നയതന്ത്ര ബന്ധം തീരെ വഷളായ പശ്ചാത്തലത്തിലുമാണ്‌ ഉച്ചകോടി നടന്നത്.

വെബ് ഡെസ്ക്

പാകിസ്താനൊപ്പം തന്നെ ചൈനയും മുഖ്യശത്രു തന്നെയെന്ന ബിജെപിയുടെ പ്രഖ്യാപിത അജണ്ടയില്‍ നിന്നു മാറി ചൈനയ്ക്കു തലോടിയും പാകിസ്താനെ തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വെർച്വൽ ഉച്ചകോടിയിലായിരുന്നു അപ്രതീക്ഷിത നയമാറ്റം. ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്ന് വർഷത്തിലേറെയായി കിഴക്കൻ ലഡാക്ക് അതിർത്തി തർക്കത്തിന്റെയും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടന്നത്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് (ബിആർഐ) ആഗോള വിമർശനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, എസ്‌സിഒ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങളും പ്രത്യേകിച്ച് പരമാധികാരവും പ്രദേശിക സമഗ്രതയും ഊന്നിപ്പറഞ്ഞാണ് കണക്ടിവിറ്റി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ വ്യക്തമാക്കി മോദി ചൈനയെ പിന്തുണച്ചത്.

അതേസമയം ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെ നിർണ്ണായക നടപടി ആവശ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താനെതിരേ പരോക്ഷമായി കടന്നാക്രമണം നടത്തുകയും ചെയ്തു. തീവ്രവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്നും ഇതിനെ നേരിടാൻ അം​ഗങ്ങൾ പരസ്പര സഹകരണം വിപുലീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

''ഭീകരവാദത്തിനെതിരെ നമ്മൾ ഒരുമിച്ച് പോരാടണം. തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ല. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സി‌ഒ രാജ്യങ്ങൾ മടിക്കേണ്ടതില്ല''- പാകിസതാന്റെ പേരെടുത്തു പറയാതെ മോദി വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് , ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യയുടെ വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മോദിയുടെ വിമർശനം. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തു.

അഫ്​ഗാൻ രാഷ്ട്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ജനതയ്‌ക്കുള്ള മാനുഷിക സഹായം, എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരണം, ഭീകരതയ്‌ക്കെതിരായ പോരാട്ടം, മയക്കുമരുന്ന് കടത്ത്, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് എസ്‌സിഒയ്ക്ക് മുന്നിലുളള മുൻ​ഗണനയെന്നും മോദി കൂട്ടിച്ചേർത്തു.

ഭീകരതയ്‌ക്കെതിരെ സംയുക്തമായി പോരാടാൻ ആഹ്വാനം ചെയ്ത മോദി ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ ക്ഷാമം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ നേരിടാനും അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെക്കുറിച്ചുളള എസ്സിഒ രാഷ്ട്രങ്ങളുടെ ആശങ്കൾക്ക് സമാനമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ ആഘാതം, എല്ലാ രാജ്യങ്ങൾക്കും വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ